വികസനത്തിന് അവകാശവാദവുമായി അല്‍ഫോന്‍സ് കണ്ണന്താനം: കോട്ടയം റെയില്‍വേ സ്‌റ്റേഷന് 20 അല്ല 30 കോടി
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് അനുവദിച്ച 20 കോടി ലഭിച്ചേക്കില്ലെന്ന അഭ്യൂഹത്തിനിടെ 30കോടിയാണ് അനുവദിക്കുകയെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
മാതൃക സ്റ്റേഷന്‍ ആക്കുന്നതിന്റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ സന്ദര്‍ശനം തങ്ങളെ അറിയിച്ചില്ലെന്നത് സംബന്ധിച്ച പരാതികള്‍ കോട്ടയം എം.പി ജോസ്.കെ.മാണിയും എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉന്നയിച്ചിരുന്നു. നവീകരണത്തിനുള്ള ഫണ്ട് ലഭ്യമാക്കിയത് തന്റെ നിരന്തരമായ ശ്രമങ്ങളെ തുടര്‍ന്നാണെന്നും ജോസ്.കെ.മാണി പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ തുടരുന്ന കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം .സ്റ്റേഷന് രണ്ടാമതൊരു പ്രവേശന കവാടം നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയുമാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. ഇതിനായി ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കും. എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കണമെന്നത് സംബന്ധിച്ച് കണ്‍സള്‍ട്ടന്റിന്റെ നിര്‍ദേശം പരിഗണിച്ച് റെയില്‍വേ ബോര്‍ഡ് അന്തിമ തീരുമാനം എടുക്കും.
കോട്ടയത്തെ സ്റ്റേഷന്‍ നവീകരണം ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. ഗുഡ്‌ഷെഡ് യാര്‍ഡ് മാറ്റി സ്ഥാപിക്കും. പ്‌ളാറ്റ് ഫോം നവീകരണം, യന്ത്രപ്പടികള്‍ സ്ഥാപിക്കല്‍, ഭക്ഷണ ശാല, പാര്‍ക്കിങ് കോംപ്ലക്‌സ് നിര്‍മ്മാണം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരണം രണ്ടു ഘട്ടമായി നടപ്പാക്കും. ആദ്യ ഘട്ടത്തില്‍ 10 കോടിക്കും 20 കോടിക്കും മദ്ധ്യേ ചെലവ് വരുന്ന നവീകരണമാണ് നടപ്പാക്കുക. അത് ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടത്തില്‍ 80 മുതല്‍ 100 കോടി വരെ ചിലവഴിച്ചുള്ള നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഷന്‍ മുഴുവനായി പൊളിച്ചു പുനര്‍നിര്‍മ്മിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അദ്ദേഹം വിലത്തിരുത്തി. യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിശ്രമ കേന്ദ്രങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. റെയില്‍ കാന്റിനില്‍ പരിശോധന നടത്തി. തുടര്‍ന്ന് അവിടുന്ന് ഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് സക്‌സേന, ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍ പ്രിയംവദ, ഡിസ്ട്രിക്ട് കൊമേര്‍ഷ്യല്‍ മാനേജര്‍ കൗശിക്, സ്റ്റേഷന്‍ മാനേജര്‍ രാജന്‍ നൈാന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ഷിപ്പിയാര്‍ഡ് ഡയറക്ടര്‍ ബി. രാധാകൃഷ്ണ മേനോന്‍, കെ.ജി. രാജ്‌മോഹന്‍, ടി.എന്‍. ഹരികുമാര്‍, അഡ്വ. എം.എസ്. കരുണാകരന്‍, അഡ്വ. നോബിള്‍ മാത്യു, പി.ആര്‍. മുരളീധരന്‍, സി.എന്‍. സുഭാഷ്, റീബാ വര്‍ക്കി, വിനോദിനി വിജയമ്മ, സുമാവിജയന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."