ഹയര്‍ സെക്കന്‍ഡറി-പൊതുവിദ്യാഭ്യാസ വകുപ്പ് ലയനം: സര്‍ക്കാര്‍ തീരുമാനത്തിനെതിരേ അധ്യാപക സംഘടനകള്‍ രംഗത്ത്
തിരൂര്‍: ഹയര്‍ സെക്കന്‍ഡറി മേഖലയെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കെ.എസ്.ടി.എ ഒഴികെയുള്ള അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്.
കഴിഞ്ഞ 26 വര്‍ഷമായി അക്കാദമിക ഗുണനിലവാരത്തോടെയും ഭരണക്ഷമതയോടെയും പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്‍ഡറി മേഖലയെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ലയിപ്പിച്ചാല്‍ അത് ഗുണനിലവാര തകര്‍ച്ചയ്ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപ് അധ്യാപകര്‍ ബഹിഷ്‌കരിക്കും. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നീ അധ്യാപക സംഘടനകളാണ് ലയന തീരുമാനത്തിനെതിരേ ശക്തമായി രംഗത്തുവന്നിരിക്കുന്നത്. ജില്ലയില്‍ കുറ്റിപ്പുറം, തിരൂര്‍, മഞ്ചേരി, മലപ്പുറം പെരിന്തല്‍മണ്ണ, കോട്ടക്കല്‍ എന്നിവിടങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുന്നത്. കഴിഞ്ഞ അഞ്ചിനാണ് ക്യാംപുകള്‍ക്ക് തുടക്കമായത്. തിരൂരിലെ ക്യാംപില്‍ ഹയര്‍സെക്കന്‍ഡറിയിലെ വിവിധ വിഷയങ്ങളിലുള്ള മുപ്പതിനായിരം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തുന്നത്. കെ.എസ്.ടി.എ ഒഴികെയുള്ള അധ്യാപക സംഘടനകളുടെ പ്രതിഷേധവും ബഹിഷ്‌കരണവും ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ കാലതാമസമുണ്ടാക്കാനാണ് സാധ്യത. ബഹിഷ്‌ക്കരണം സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സൂചനാ സമരമാണെന്നാണ് അധ്യാപകരുടെ പക്ഷം.
ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപ് ബഹിഷ്‌കരണത്തിന്റെ മുന്നോടിയായി യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനാ അംഗങ്ങള്‍ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂല്യനിര്‍ണയ ക്യാംപിന്റെ ഉച്ച ഇടവേളയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം യൂത്ത് കോണ്‍ഗ്രസ് നേതാവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിയുമായ പി. ഇഫ്തിഖാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ജോസ് ജോണ്‍, കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പാച്ചായി മൊയ്തീന്‍കുട്ടി, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സി. രജ്ഞിത്ത്, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മനോജ് ജോസ്, എ.പി അബ്ദുല്‍നാസര്‍, സിദ്ദീഖ് മൂന്നിയൂര്‍, ടി മുജീബ് റഹ്മാന്‍, ഷൈനി ജേക്കബ്, പി ഷെറീഫ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."