വരള്‍ച്ചയെ കൂസാതെ പച്ചക്കറി കൃഷി; മുരളീധര മയ്യ കൊയ്തതു നൂറുമേനി
കുമ്പള: ചുട്ടുപൊള്ളുന്ന വേനലിലും പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവെടുക്കുകയാണ് മംഗല്‍പ്പാടി ഹേരൂര്‍ ബജേ ഹൗസില്‍ മുരളീധര മയ്യയും കുടുംബവും. 30 വര്‍ഷത്തിലേറെയായി കൃഷി ഉപജീവന മാര്‍ഗമാക്കിയാണ് ഈ കുടുംബം കഴിയുന്നത്. നെല്‍കൃഷി, തെങ്ങ് എന്നിവയ്ക്കു പുറമേ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് പച്ചക്കറി കൃഷിയുമുള്ളത്. അഞ്ചേക്കറില്‍ തെങ്ങും എട്ടേക്കറില്‍ കവുങ്ങും കൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമേ പത്തോളം കന്നുകാലികള്‍ വേറെയും.
മുരളീധരമയ്യയുടെ സഹോദരങ്ങള്‍ക്കു പുറമേ കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ കൃഷിയിടത്തില്‍ സഹായത്തിനുണ്ട്. വെള്ളരി, വെണ്ട, കക്കിരി, നരമ്പന്‍, പടവലം, ചീര, കയ്പ്പക്ക, മത്തന്‍, കുമ്പളം, കോവയ്ക്ക എന്നീ പച്ചക്കറികളാണ് ഇവിടെ വിളയുന്നത്. ആവശ്യക്കാര്‍ കൃഷി ഇടത്തില്‍ നേരിട്ട് എത്തിയും ഉല്‍പന്നങ്ങള്‍ വാങ്ങുന്നുണ്ട്.
മംഗല്‍പാടി പഞ്ചായത്ത് ഓഫിസിനു അടുത്തായി ഇവരുടെ വില്‍പന സ്റ്റാളും ആരംഭിച്ചിട്ടുണ്ട്. മംഗളൂരുവിലെ മാര്‍ക്കറ്റുകളിലാണു കൂടുതലായും ഇവരുടെ പച്ചക്കറികള്‍ വില്‍പന നടത്തുന്നത്. വെള്ളത്തിനു ഇതുവരെക്കും യാതൊരു വിധ ക്ഷാമവും നേരിടേണ്ടി വന്നിട്ടില്ല. കല്‍പ്പാറ സേവാ സമിതി എന്ന സൊസൈറ്റിയാണ് ആവശ്യമായ വെള്ളം ചാലു വഴി തുറന്നുകൊടുക്കുന്നത്. ഒരു മാസമായി ഉപ്പു വെള്ളം വരുന്നതിനാല്‍ ഏറെ നിരാശയിലാണ് ഇവിടെത്തെ ഭൂരിഭാഗം കര്‍ഷകരും.
ബംബ്രാണ അണക്കെട്ടിലെ ഷല്‍ട്ടറിനു തകര്‍ച്ച നേരിട്ടതിനാല്‍ വ്യാപകമായി ഉപ്പുവെള്ളമാണ് വരുന്നത്. കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മുരളിധര മയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."