അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: ശ്രീകണ്ഠപുരം നഗരസഭയ്ക്ക് 50 ലക്ഷം
ശ്രീകണ്ഠപുരം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി ശ്രീകണ്ഠപുരം നഗരസഭയ്ക്ക് ആദ്യഗഡുവായി 50 ലക്ഷം രൂപ ലഭിച്ചു. നഗരസഭയായതിനാല്‍ രണ്ടുവര്‍ഷമായി മുടങ്ങിയ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തുടങ്ങാനാണ് തുക. ഈമാസം തന്നെ തൊഴിലാളികളുടെ രജിസ്ട്രേഷന് നടത്താനും പണികള്‍ തുടങ്ങാനും സാധിക്കുമെന്നാണ് ഭരണ സമിതിയുടെ പ്രതീക്ഷ. പുതുതായി വന്ന നാല് നഗരസഭകളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് ആദ്യമായി അംഗീകാരം ലഭിച്ചത് ശ്രീകണ്ഠപുരത്താണ്.
മൂന്നു കോടിയാണ് നഗരസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതില്‍ 1.95 കോടിയുടെ പദ്ധതിയാണ് അഗീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വൈകി മാത്രം പദ്ധതി അംഗീകരിക്കുകയും ആദ്യ ഗഡു കിട്ടാന്‍ വൈകിയെങ്കിലും ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നടപ്പാക്കി തുക ചെലവഴിക്കാന്‍ കഴിയുമെന്ന് നഗരസഭാ ചെയര്മാന് പി.പി രാഘവന് പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പാതിവഴിയില്‍ നിന്നുപോയ 44 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് 70 ലക്ഷം രൂപ ആവശ്യമുണ്ട്. ഇതില്‍ 23 ലക്ഷം രൂപ നഗരസഭ വിഹിതമായി അടച്ചുകഴിഞ്ഞു. 22 ലക്ഷമാണ് സര്‍ക്കാര്‍ വിഹിതമായി ലഭിച്ചത്. അടുത്ത മാസത്തോടെ എല്ലാ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഭരണസമിതിയംഗങ്ങള്‍ അറിയിച്ചു. എ.പി മുനീര്‍, വി.വി സന്തോഷ്, വര്‍ഗീസ് നെടിയകാലായില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."