തണല്‍മരം കടപുഴകി വീണു; ശ്രീകാര്യം ജങ്ഷനില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
ശ്രീകാര്യം: ദേശീയ പാതയില്‍ ശ്രീകാര്യം ജങ്ഷന് സമീപം ഇളംകുളത്ത് റോഡ് വക്കില്‍ നിന്ന വന്‍ തണല്‍മരം കടപുഴകിവീണു. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടസമയത്ത് വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് റോഡില്‍ വീണുകിടന്ന മരം പൂര്‍ണമായി മുറിച്ചുമാറ്റാന്‍ കഴിഞ്ഞത്.
അപകടത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ ഉള്ളൂരില്‍ നിന്ന് ആക്കുളം ചെറുവയക്കല്‍ റോഡിലേക്കും ശ്രീകാര്യം ഭാഗത്ത് നിന്നുള്ളവ ശ്രീകാര്യം ലയോള റോഡിലൂടെയുമാണ് കടത്തി വിട്ടു. ദേശിയ പാതയില്‍ ഉള്ളൂര് മുതല്‍ കണിയാപുരം വരെ റോഡിന്റെ ഇരുവശത്തും അപകട ഭീക്ഷണിയായി ഒട്ടനവധി തണല്‍ മരങ്ങളാണ് നില്‍ക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കാര്യവട്ടം യുനിവേഴ്‌സിറ്റി കാംപസിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ തണല്‍ മരം വീണിരുന്നു. ബസ് കാത്ത് നിന്ന വിദ്യാര്‍ഥികള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
പോങ്ങുംമൂട് ജംഗ്ഷനില്‍ കെ എസ് ആര്‍ ടി. സി ബസിന് മുകളില്‍ തണല്‍മരം വീണ് ബസ് യാത്രക്കാരായ മുന്ന് പേര്‍ക്കും ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു.
റോഡ് വക്കില്‍ നില്‍ക്കുന്ന തണല്‍ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ മുറിച്ചുമാറ്റി യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."