സഭാ സ്തംഭനം: പ്രധാനമന്ത്രിയുടെ ഉപവാസം ഇന്ന്; കരിദിനമാക്കി പ്രതിപക്ഷം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനത്തിന് പ്രതിപക്ഷപാര്‍ട്ടികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉപവസിക്കും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയിലെ ഹുബ്ലിയിലും പാര്‍ട്ടി എം.പിമാര്‍ സ്വന്തം മണ്ഡലങ്ങളിലും നിരാഹാരസമരമിരിക്കും. ബി.ജെ.പി എം.പിമാരെ മോദി വീഡിയോ കോണ്‍ഫ്രന്‍സ് വഴി അഭിസംബോധന ചെയ്യും. തമിഴ്‌നാട്ടിലുള്ള പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. കരിദിനമായി ആചരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇടതടവില്ലാത്ത പ്രതിഷേധങ്ങളും തുടര്‍ച്ചയായ സ്തംഭനങ്ങളും മൂലം അലങ്കോലമായിരുന്നു. ഇരുസഭകളും തടസപ്പെട്ടത് അണ്ണാ ഡി.എം.കെ അടക്കമുള്ള പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി നടത്തിയ സ്‌പോണ്‍സേര്‍ഡ് സമരങ്ങള്‍ കാരണമാണെന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് പ്രധാനമന്ത്രിയുടെ ഏകദിന ഉപവാസത്തിന്റെ ലക്ഷ്യം. ദലിത് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നടന്ന ഉപവാസത്തിന് മറുപടി കൂടിയാണ് ബി.ജെ.പിയുടെ സമരം. അമിത് ഷാ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയാണ് സമരവേദിയാക്കിയിട്ടുള്ളത്. ഉപവാസമാണെങ്കിലും പ്രധാനമന്ത്രിയുടെ ദൈനം ദിന ജോലികള്‍ക്ക് മുടക്കമുണ്ടാകില്ല.
ദലിത് രോഷം തണുപ്പിക്കാന്‍ ഏപ്രില്‍ 14 നും മേയ് 5 നും ഇടയില്‍ ബി.ജെ.പി എം.പിമാര്‍ ദലിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള 20,844 ഗ്രാമങ്ങളില്‍ പ്രചാരണ പരിപാടികള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."