മയക്കുമരുന്ന് ലോബി സജീവമാകുന്നു
അരൂര്‍: ജില്ലയുടെ വടക്കന്‍ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും വീണ്ടും സജീവമാകുന്നു.
കുത്തിയതോട് സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന അരൂര്‍, അരൂക്കുറ്റി ചന്തിരൂര്‍, എഴുപുന്ന, ചമ്മനാട്, കരുമാഞ്ചേരി പ്രദേശങ്ങളാണ് കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളുടെ പിടിയിലായത്. ഈ പ്രദേശങ്ങള്‍ കൂടുതലും അരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ്. പൊലിസ് നിഷ്‌ക്രിയരാകുന്നതാണ് മയക്കുമരുന്ന് ലോബി സജീവമാകാന്‍ കാരണം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് പൊലിസിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും കച്ചവടം നടത്തുന്നവരേയും നീക്കം ചെയ്യാന്‍ സാധിച്ചിരുന്നു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നാര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി.യുടെ നിയന്ത്രണത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഒരുപറ്റം പൊലിസ് ഉദ്യോഗസ്ഥരുടെയും സ്ഥലം എസ്.ഐയുടെയും ശ്രമഫലമായാണ് മയക്കുമരുന്ന് തുടച്ചു നീക്കാന്‍ സാധിച്ചത്.
എന്നാല്‍ പിന്നീട് വന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അതിന്റെ തുടര്‍ നടപടി സ്വീകരിക്കാതിരുന്നതാണ് വീണ്ടും മയക്കുമരുന്ന് ഉപയോഗവും വില്‍പനയും വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം അരൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കെല്‍ട്രോണിന് സമീപം കുളിക്കണ പറമ്പില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്കു കുടിവെള്ളം കടന്നു പോകുന്ന 20 മീറ്റര്‍ ജി.ഐ പൈപ്പ് രാത്രിയില്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരുന്നു. ഇതിനെതിരേ കെല്‍ട്രോണ്‍ റോഡ് റസിസന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."