വാടാനാംകുറിശ്ശി മേല്‍പാലം: സ്ഥലം ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന്
പട്ടാമ്പി: വാടാനാംകുറിശ്ശി റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും. സ്ഥലമേറ്റെടുക്കാനുള്ള നടപടിക്കായി കലക്ടറെ ചുമതലപ്പെടുത്തുമെന്നും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പറഞ്ഞു.
മണ്ണ് പരിശോധനയും പദ്ധതിരേഖ തയ്യാറാക്കലും പൂര്‍ത്തിയായി. ആദ്യഘട്ടം ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. ഒരുവീട് പൂര്‍ണമായും ഒരുവീട് ഭാഗികമായും ഒരുകടയുമാണ് പൊളിച്ചുമാറ്റേണ്ടിവരിക. ബാക്കി ആവശ്യമായി വരുന്ന സ്ഥലം മറ്റ് പ്രശ്‌നങ്ങളില്ലാത്തതാണെന്നും എം.എല്‍.എ പറഞ്ഞു.
ബജറ്റില്‍ പത്തുകോടി രൂപയുടെ പദ്ധതിക്കായിരുന്നു അംഗീകാരം ലഭിച്ചത്. എന്നാല്‍, 34.5കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതില്‍ 30കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. നിര്‍മാണപ്രവൃത്തി ആരംഭിക്കുന്നതോടെ ബാക്കി തുകയും കിഫ്ബി അനുവദിക്കും. കുഴിയാനംകുന്ന് റോഡിന് സമീപത്ത്് നിന്നാരംഭിച്ച് റേഷന്‍കടയോട് ചേര്‍ന്നുള്ള തിരിവില്‍ അവസാനിക്കുന്ന രീതിയിലാണ് പാലത്തിന്റെ പ്ലാന്‍. പാലം വരുന്നതോടെ ഗുരുവായൂര്‍, പെരിന്തല്‍മണ്ണ, വളാഞ്ചേരി ഭാഗത്തേക്കുള്ള യാത്രയിലെ സമയ നഷ്ടം ഒഴിവാക്കാനാവും.
തിരക്കേറിയപാതയില്‍ റെയില്‍വേഗേറ്റ് വിവിധ സമയങ്ങളിലായി മണിക്കൂറിലധികം അടച്ചിടാറുണ്ട്. മാത്രമല്ല, റോഡിന്റെയും തോട്ടുപാലത്തിന്റെയും വീതിക്കുറവ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നുമുണ്ട് . ഇതു സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ തോട്ടുപാലത്തിലേക്ക് കാര്യമായ ഗതാഗതം വരില്ല. നിലവില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാലത്തിന് മുകളിലൂടെ കടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."