സര്‍ക്കാര്‍ ഭൂമി കൈയേറ്റം: അന്വേഷണം നിലച്ചു
പെരിയ: സ്വകാര്യ സ്ഥലത്തിന്റെ കൂടെ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തിയതായുള്ള പരാതികളില്‍ അന്വേഷണം നിലച്ചു. പെരിയ വില്ലേജ് ഓഫിസ് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥലം കൈയേറിയ പരാതികള്‍ അന്വേഷിക്കുമെന്നും സ്ഥലം കൈയേറിയവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്നും ഒരു വര്‍ഷം മുമ്പ് വില്ലേജ് ഓഫിസര്‍ പറഞ്ഞിരുന്നെങ്കിലും സ്ഥലം കൈയേറിയതു കണ്ടെത്താനുള്ള അന്വേഷണം പാതി വഴിയില്‍ നിലച്ചു.
കേരള കേന്ദ്ര സര്‍വകലാശാല പെരിയയില്‍ സ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ വന്നതോടെയാണു പെരിയ വില്ലേജ് പരിധിയുടെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ സ്ഥലം വാങ്ങി കൂട്ടാന്‍ തുടങ്ങിയത്. ഇതിനു പുറമെ നിര്‍ദിഷ്ട വിമാനത്താവള പരിസരങ്ങളിലും പലരും സ്ഥലം വാങ്ങി കൂട്ടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പല ബിനാമികളും വില്ലേജ് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥലം വാങ്ങി കൂട്ടിയതോടൊപ്പം പല ഭാഗങ്ങളിലും സ്വകാര്യ സ്ഥലത്തോടൊപ്പം സര്‍ക്കാര്‍ സ്ഥലവും വിറ്റതായാണ് വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ വില്ലേജ് ഓഫിസര്‍ക്കും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ നല്‍കിയിരുന്നത്.
ഇതേ തുടര്‍ന്നു സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും രണ്ടു വര്‍ഷത്തോളമായിട്ടും പരാതികളില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."