വീടുകയറി അക്രമിച്ച സംഭവം: യഥാര്‍ഥ പ്രതികള്‍ ഒളിവില്‍
കൊച്ചി: വരാപ്പുഴ ദേവസ്വംപാടം പ്രദേശത്ത് വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ്‌ചെയ്തത് നിരപരാധികളെയാണെന്നും യഥാര്‍ഥപ്രതികള്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണെന്നും അറസ്റ്റിലായവരുടെ രക്ഷിതാക്കള്‍.
കേസില്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന വി.ടി വിനു, സുധി ചന്ദ്രന്‍, ശ്രീക്കുട്ടന്‍, എസ്.ജി വിനു, പി.എസ് നിതിന്‍, ശരത്, ബോബന്‍, വിനു ശ്രീനിവാസന്‍ എന്നിവരുടെ മാതാപിതാക്കളാണ് എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. മഫ്തിയിലെത്തിയ പൊലിസ് സംഘം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയും കിടന്നുറങ്ങുന്നവരെയുമാണ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ട് ചിലത് ചോദിച്ചറിയാനുണ്ടെന്നും ഉടനെ തിരിച്ചയക്കാമെന്നും പറഞ്ഞാണ് ഇവരില്‍ പലരെയും കൊണ്ടുപോയത്.
എന്നാല്‍ പിറ്റേന്നു പൊലിസ് സ്റ്റേഷനില്‍ എത്തി അന്വേഷിച്ചപ്പോള്‍ കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണെന്നാണ് പൊലിസ് പറഞ്ഞത്. മക്കളെ കാണാന്‍പോലും പൊലിസ് അനുവദിച്ചില്ല. നാളിതുവരെ ഒരു കേസില്‍പോലും ഉള്‍പ്പെടാത്തവരാണ് തങ്ങളുടെ മക്കള്‍. കൊടുംകുറ്റവാളികളെപോലെ പൊതുനിരത്തില്‍ വലിച്ചിഴച്ചും ഉപദ്രവിച്ചുമാണ് പലരെയും കൊണ്ടുപോയത്.
തടഞ്ഞ ഭാര്യമാരെയും അമ്മമാരെയും അസഭ്യം പറയുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സബ്ജയിലില്‍ പരുക്കുകളോടെയാണ് ഇവര്‍ കഴിയുന്നത്. സംഭവസ്ഥലത്ത് ഓടിയെത്തിയവരെയും കണ്ടുനിന്നവരെയുമാണ് പൊലിസ് പ്രതികളാക്കിയതെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."