അറബ് ഉച്ചകോടി ഞായറാഴ്ച ആരംഭിക്കും; മന്ത്രിതല യോഗം തുടങ്ങി
ദമാം: അറബ് ഉച്ചകോടിക്ക് ദഹ്‌റാനില്‍ ഞായറാഴ്ച തുടക്കമാകും. ഇതിന് മുന്നോടിയായുള്ള മന്ത്രിതല സമ്മേളനം തുടങ്ങി. ഇറാന്‍, തുര്‍ക്കി വിഷയങ്ങളടക്കം ചര്‍ച്ചയാകുന്ന യോഗത്തില്‍ ഖത്തറിനെയും ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തര്‍ പ്രതിസന്ധി തുടങ്ങിയ ശേഷമുള്ള ആദ്യ ഉച്ചകോടിയാണിത്. യമന്‍, സിറിയ, ഫലസ്തീന്‍ വിഷയങ്ങളാണ് ഉച്ചകോടിയുടെ പ്രധാന അജന്‍ഡയിലുള്ളത്. ഇറാന്റെയും തുര്‍ക്കിയുടെയും മേഖലയിലെ ഇടപെടലിനെതിരേ ഉച്ചകോടി ശക്തമായ നിലപാട് സ്വീകരിക്കും.
അറബ് രാജ്യങ്ങളിലെ വിദേശ ഇടപെടലുകളും മുഖ്യ ചര്‍ച്ചാ വിഷയമാണ്. ഇസ്‌റാഈലിന് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം പ്രാതിനിധ്യം നല്‍കാനുള്ള നീക്കത്തെ എതിര്‍ക്കാനും ധാരണയായെന്നാണ് സൂചന.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലിബിയന്‍ വിഷയത്തിലും അറബ് ലീഗ് ഇടപെടല്‍ നടത്തും. സഊദിക്കെതിരേ ഹൂതികള്‍ വഴിയുള്ള ഇറാന്റെ ഇടപെടലുകള്‍ സജീവമായിരിക്കെ അറബ് ഉച്ചകോടിയെ വന്‍ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. 22 അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക.
ഉച്ചകോടിക്ക് മുന്നോടിയായി ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ സഊദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അധ്യക്ഷത വഹിച്ചു. അറബ് രാജ്യങ്ങളിലെ ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് യോഗം ഉദ്ഘാടനംചെയ്ത അറബ് ലീഗ് സെക്രട്ടറി ജനറല്‍ അബുല്‍ ഗൈത് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."