വിശ്രമമില്ല: നട്ടുച്ചക്കും തൊഴിലെടുപ്പിക്കല്‍ തകൃതി
കൊച്ചി: കടുത്ത വേനലില്‍ നട്ടുച്ചക്ക് തൊഴിലാളികളെക്കൊണ്ട് തുറന്ന അന്തരീക്ഷത്തില്‍ പണിയെടുപ്പിക്കരുതെന്ന ലേബര്‍ കമ്മിഷണറുടെ ഉത്തരവ് വ്യാപകമായി ലംഘിക്കപ്പെടുന്നു. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 30 വരെ ഉച്ചവിശ്രമം അനുവദിച്ചുകൊണ്ട് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയത്. പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം നല്‍കണമെന്നും ജോലിസമയം ഉച്ചവിശ്രമംകൂടി ഉള്‍പ്പെടുത്തി രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നുമാണ് ലേബര്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്.
പ്രാദേശികമായി ഉച്ചവിശ്രമം അനുവദിക്കുന്ന തിയതികളില്‍ മാറ്റംവരുത്തണമെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് റീജ്യണല്‍ ലേബര്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. ഉച്ചവിശ്രമം നല്‍കാതെ കനത്ത ചൂടില്‍ തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയും തൊഴില്‍വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, നിയമങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ് സംസ്ഥാനത്തുടനീളം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഉച്ചവിശ്രമം അനുവദിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് പരാതിനല്‍കാന്‍ വ്യവസ്ഥയുണ്ട്. അസി. ലേബര്‍ ഓഫിസര്‍മാര്‍ക്ക് തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ച് നിയമം പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയും ചെയ്യാം. എന്നാല്‍, ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നതിന് ആവശ്യമായ അസി. ലേബര്‍ ഓഫിസര്‍മാരും ജീവനക്കാരും വകുപ്പിലില്ല. ചെറുതും വലുതുമായ 42,563 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എറണാകുളത്ത്് ആകെയുള്ളത് പത്ത് അസി. ലേബര്‍ ഓഫിസര്‍മാരാണ്. വിവിധ ജില്ലകളിലായി ആകെ 102 അസി. ലേബര്‍ ഓഫിസര്‍മാരാണ് സംസ്ഥാനത്തുള്ളത്. ആവശ്യത്തിന് മറ്റ് ജീവനക്കാരുമില്ല. ജീവനക്കാരുടെ കുറവുമൂലം പലപ്പോഴും തൊഴില്‍നിയമം നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളായതിനാല്‍ നിയമമൊന്നും അറിയാതെ ഇവര്‍ തൊഴിലെടുക്കുകയാണ്. ഇപ്രകാരം തൊഴിലിലേര്‍പ്പെടുന്നവരില്‍ സ്ത്രീകളും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."