കള്ളനോട്ടു കേസിലെ പ്രധാന പ്രതി കോയമ്പത്തൂരില്‍ പിടിയിലായി
മഞ്ചേരി: കള്ളനോട്ടു കേസിലെ പ്രധാന പ്രതിയെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും പ്രത്യേക അന്വേഷണ സഘം പിടികൂടി. കോയമ്പത്തൂര്‍ പിന്‍പുതൂര്‍ റൈറ്റ് ഹൗസ് അപ്പാര്‍ട്ട് മെന്റിലെ ബെനില്‍ ശ്യാം (22)ആണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20ന് മഞ്ചേരി ചെങ്ങര ബൈപ്പാസില്‍ വച്ച് 6 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതിയായ ഇയാള്‍ ചെന്നൈയിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
എഡിറ്റിങില്‍ വിദഗ്ധനായ ഇദ്ദേഹമാണ് കള്ളനോട്ടുകള്‍ നിര്‍മിച്ചിരുന്നത്.
6 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ സക്കറിയ, പാലക്കാട് സ്വദേശികളായ ബാബു, ഷബീറലി എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച ലാപ്പ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ സഹിതം കോഴിക്കോട് സ്വദേശികളായ റാസിഖ്, മുഷ്താഖ് എന്നിവരെ ബംഗളൂരുവില്‍ വച്ച് അറസ്റ്റിലായിരുന്നു.
ഇവര്‍ക്ക് നോട്ടു നിര്‍മാണത്തിന് വീട് വാടകക്ക് എടുത്തു നല്‍കിയും മറ്റും സഹായിച്ച മലപ്പുറം സ്വദേശികളായ സലാം, നാസര്‍ എന്നിവരെ രണ്ട് മാസം മുന്‍പും പിടികൂടിയിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൂടുതല്‍ അന്വേഷണത്തിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ മഞ്ചേരി സി.ഐ എന്‍.ബി ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ അബ്ദുറഹിമാന്‍ , പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."