തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണം: ഓഡിറ്റ് കമ്മിഷന്‍ നടപ്പാക്കാന്‍ ആലോചന
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തോടെ ദുര്‍ബലമായ ഓഡിറ്റ് സംവിധാനത്തിന് പകരം ഓഡിറ്റ് കമ്മിഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ആലോചന. നിലവിലുള്ള സംവിധാനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ജില്ലാ ആസൂത്രണസമിതികള്‍ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കാനൊരുങ്ങുന്ന കരട് വിശേഷാല്‍ചട്ടത്തിലുണ്ട്. കേരള ലോക്കല്‍ ഓഡിറ്റ് നിയമത്തില്‍ ഇത് സംബന്ധിച്ച് ഭേദഗതി വരുത്തിവേണം ഓഡിറ്റ് കമ്മിഷന്‍ നടപ്പിലാക്കേണ്ടത്. ചെയര്‍മാനും മൂന്ന് അംഗങ്ങള്‍ വരെയുമാണ് ഓഡിറ്റ് കമ്മിഷനിലുണ്ടാകുക . ഇപ്പോള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമായും പരിശോധിക്കുന്നത്. ഓഡിറ്റ് കമ്മിഷന്‍ വരുന്നതോടെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മേല്‍ നിയന്ത്രണമുണ്ടാകില്ല. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലുള്ളവരെ ഓഡിറ്റ് കമ്മിഷന്‍ ഉദ്യോഗസ്ഥരായി പുനര്‍വിന്യസിക്കുന്ന കാര്യം തദ്ദേശ സ്വയംഭരണവകുപ്പ് ഏകീകരണത്തിനൊപ്പം നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ജില്ലാ ആസൂത്രണസമിതികള്‍ ശക്തിപ്പെടുത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യവും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണത്തോടെ സാധ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ സെക്രട്ടറിയുമായ ഈ സംവിധാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രതിനിധിയില്ലെന്ന വിമര്‍ശനമാണ് ഇപ്പോഴുള്ളത്. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ തദ്ദേശസ്വയം ഭരണവകുപ്പിന്റെ ജില്ലാതല ഓഫീസറായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ ജില്ലാ ആസൂത്രണസമിതിയുടെ അഡീഷണല്‍ സെക്രട്ടറിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."