താഴേക്കോട് പഞ്ചായത്തിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം
മലപ്പുറം: താഴേക്കോട് പഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി ഒരുമാസത്തിനുള്ളില്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയ്ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത മേലെ ഇടിഞ്ഞാടി, താഴെ ഇടിഞ്ഞാടി, ആറാംകുന്ന് എന്നീ കോളനികളിലെ ആദിവാസികളെ പുനരധിവസിപ്പിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഈ കോളനികളില്‍ കുടിവെള്ള സ്രോതസ് കണ്ടെത്താനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും പ്രയാസമായതിനാലാണ് ഇവരെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഭൂമി കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് മെമ്പര്‍ അധ്യക്ഷനായി സ്ഥിരം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഇതില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരിക്കും. അടുത്ത അധ്യയന വര്‍ഷത്തില്‍ കോളനികളിലെ എല്ലാ കുട്ടികളെയും സ്‌കൂളുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും. പഠനം നിര്‍ത്തി വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളെ കണ്ടെത്തി നിലമ്പൂര്‍ ഐ.ജി.എം.ആറില്‍ ചേര്‍ത്ത് പഠിപ്പിക്കും. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കോളനികളോട് ചേര്‍ന്ന് അങ്കണവാടി സബ്‌സെന്റര്‍ തുറക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഇലക്ഷന്‍ ഐ.ഡി, ആധാര്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ തൊഴില്‍ കാര്‍ഡ് എന്നിവ എല്ലാവര്‍ക്കും നല്‍കണം. അവിവാഹിതരായ അമ്മമാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാന്‍ പൊലിസ്, എക്‌സൈസ് വിഭാഗങ്ങള്‍ യോജിച്ച പ്രവര്‍ത്തനം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
മുള്ളന്‍മട, മേലേച്ചേരി, മേലെ ഇടിഞ്ഞാടി, താഴെ ഇടിഞ്ഞാടി തുടങ്ങിയ കോളനികളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന് അരക്കുപറമ്പ് സ്വദേശി അറഞ്ഞിക്കല്‍ അബൂബക്കര്‍ പരാതിയെ തുടര്‍ന്നാണ് നടപടി. അടിയന്തര നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ജില്ലാ കലക്ടര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ കെ. അജേഷ്, ഡെപ്യൂട്ടി കലക്ടര്‍ പി.കെ രമ, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി. ശ്രീകുമാരന്‍, ഡപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മാഈല്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.ഐ വത്സല, കിര്‍ത്താഡ്‌സ് റിസര്‍ച്ച് ഓഫിസര്‍മാരായ വി.എസ് സുഭാഷ്, സന്ധ്യ ശേഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."