പ്‌ളസ്ടു സീറ്റിന് ക്ഷാമം
നീലേശ്വരം: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ സീറ്റുകളേക്കാള്‍ ഇത്തവണ അപേക്ഷകര്‍ കൂടുതല്‍.
106 സ്‌കൂളുകളിലായി 14472 സീറ്റുകളാണ് നിലവിലുള്ളത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ വൈകുന്നേരം നാലുമണി വരെ 18736 അപേക്ഷകരാണ് ജില്ലയിലുള്ളത്. നിലവിലുള്ള സീറ്റുകളേക്കാള്‍ 4264 അപേക്ഷകള്‍ കൂടുതലാണ്.
64 ഗവ.സ്‌കൂളുകളിലെ 171 ബാച്ചുകളിലായി 8550 ഉം, 24 എയ്ഡഡ് സ്‌കൂളുകളിലെ 73 ബാച്ചുകളിലായി 3650 ഉം, 16 അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ 43 ബാച്ചുകളിലായി 2200 ഉം ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളിലെ രണ്ടു ബാച്ചുകളിലായി 72 സീറ്റുകളുമാണ് നിലവിലുള്ളത്.
ഗവ.സ്‌കൂളുകളില്‍ സയന്‍സ് ബാച്ചില്‍ 2900, ഹ്യൂമാനിറ്റീസില്‍ 2650, കോമേഴ്‌സില്‍ 3000 സീറ്റുകളുമാണുള്ളത്. എയ്ഡഡില്‍ യഥാക്രമം 2000, 750, 900 സീറ്റുകളും, അണ്‍ എയ്ഡഡില്‍ 900, 350, 950 സീറ്റുകളുമുണ്ട്. ഏക റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സിനും കോമേഴ്‌സിനുമായി 36 സീറ്റുകള്‍ വീതവുമാണുള്ളത്.
ഇതോടെ ഈ വര്‍ഷം നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതാകും. കൂടാതെ പല വിദ്യാര്‍ഥികള്‍ക്കും ഇഷ്ടപ്പെട്ട കോഴ്‌സുകളില്‍ പ്രവേശനവും ലഭിക്കില്ല.
പത്താം ക്ലാസ് പാസായ കുട്ടികളുടെ എണ്ണത്തിനുസരിച്ച് കൂടുതല്‍ വിദ്യാലയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുകയോ നിലവിലുള്ള സ്‌കൂളുകളില്‍ ആനുപാതികമായി സീറ്റ് വര്‍ധനവ് വരുത്തുകയോ ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."