കത്‌വ കൊലപാതകം: ബി.ജെ.പി സഖ്യം വിടാനൊരുങ്ങി പി.ഡി.പി
ശ്രീനഗര്‍: ജമ്മുകശ്മിരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്താകമാനം ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി സഖ്യം വിടുമെന്ന് സൂചന നല്‍കി പി.ഡി.പി. സംസ്ഥാനത്ത് ബി.ജെ.പിയുടെ ക്രൈം പാര്‍ട്ണറായി പി.ഡി.പി മാറിയെന്നും ഇത് കശ്മിരിനെ രക്തച്ചൊരിച്ചിലിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരനും സംസ്ഥാന ടൂറിസം മന്ത്രിയുമായ തസാദുഖ് മുഫ്തി വ്യക്തമാക്കി. ഇക്കാര്യം തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പി.ഡി.പിക്കുള്ളിലെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
ബാലികയെ കൊലപ്പെടുത്തിയതും അതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ മുതലെടുപ്പുകളും സംസ്ഥാനത്തെ നാണക്കേടിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. കശ്മിര്‍ വികസനമെന്ന അജന്‍ഡയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. അധികാരത്തിലെത്തിയതോടെ ബി.ജെ.പി നിലപാട് മാറ്റി. കശ്മിര്‍ വിഷയം ഇത്രകണ്ട് വഷളാക്കിയത് ബി.ജെ.പിയാണ്. കശ്മിര്‍ ജനതയെ ഇഷ്ടപ്പെടാത്ത ഒന്നിലേക്ക് തള്ളിയിട്ടതിന് ജനങ്ങളോട് പി.ഡി.പി മാപ്പപേക്ഷിക്കണം. 2015ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് വികസന കുതിപ്പുണ്ടാകുമെന്ന വാഗ്ദാനം പി.ഡി.പി നല്‍കിയിരുന്നു. എന്നാല്‍, അതിനു സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തസാദുക്ക് മുഫ്തിയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് പി.ഡി.പിയുടെ രണ്ട് നേതാക്കള്‍കൂടി രംഗത്തെത്തി. മുതിര്‍ന്ന പി.ഡി.പി നേതാവും ഗതാഗത മന്ത്രിയുമായ നയീം അക്തറും മറ്റൊരു നേതാവായ നിസാമുദീന്‍ ഭട്ടുമാണ് ബി.ജെ.പിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തും തസാദുക്കിന് പിന്തുണയുമായി എത്തിയത്.
ബി.ജെ.പിയും പി.ഡി.പിയും തമ്മില്‍ സഖ്യം ചേര്‍ന്നത് ചരിത്രപരമായ തീരുമാനമായിരുന്നു. എന്നാല്‍ ഇത് മാറ്റുകയെന്നത് സംസ്ഥാനത്തിന്റെ വിധിയായിട്ട് വ്യാഖ്യാനിക്കാവുന്നതാണെന്നും ഇരുവരും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."