സഫലമീ ബാല്യം; ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുരുന്നുകള്‍ക്ക് 24 കുടുംബം തുണയാകുന്നു
കോട്ടയം: ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ 24 കുരുന്നുകള്‍ക്ക് ഇനിയുള്ള 49 ദിനങ്ങള്‍ കളിചിരികളുടെ നാളുകളായി മാറുന്നു. ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് നടപ്പിലാക്കുന്ന അവധിക്കാല ഫോസ്റ്റര്‍ കെയര്‍ 'സഫലമീ ബാല്യം'പദ്ധതിയിലൂടെ 24 കുരുന്നുകള്‍ക്ക് ഈ അവധിക്കാലത്ത് 24 കുടുംബം തുണയാകുന്നു.
അവധിക്കാലത്ത് വീട്ടില്‍ പോകാന്‍ കഴിയാതെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ ബാല്യം ചിലവഴിക്കേണ്ടിവരുന്ന കുട്ടികള്‍ക്ക് വീടനുഭവം നല്‍കുന്ന പദ്ധതിയാണ് സഫലമീ ബാല്യം.
കുടുംബത്തിലെ സ്‌നേഹം എന്തെന്ന് ഓരോ കുട്ടിക്കും അറിയാനുള്ള അവസരമുണ്ടാകണമെന്ന ബാലനീതി നിയമത്തിലെ ചട്ടമനുസരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ ബിനോയ് വി.ജെ അറിയിച്ചു. കോട്ടയം ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.
അവധി കഴിഞ്ഞ് കുട്ടികള്‍ തിരികെ സ്ഥാപനത്തില്‍ എത്തുമ്പോള്‍ ഫോസ്റ്റര്‍ കുടുംബങ്ങളെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുമെന്നും സമൂഹത്തില്‍ നന്‍മയുടെ വെളിച്ചം കാത്തു സൂക്ഷിക്കുന്നവര്‍ ഉണ്ട് എന്നതിന്റെ തെളിവാണ് കുട്ടികളെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്ന 24 കുടുംബങ്ങള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന്‍, ആശിഷ് ജോസഫ് സംസാരിച്ചു. 2016ല്‍ ആറ് കുട്ടികള്‍ക്കും 2017ല്‍ 21 കുട്ടികള്‍ക്കുമാണ് അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലൂടെ വീടനുഭവം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."