പൊലിസുകാരന്റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ കത്തിയ നിലയില്‍; കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചു മലിനമാക്കി
നിലമ്പൂര്‍: പൊലിസുകാരന്റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ കത്തിയ നിലയില്‍. വഴിക്കടവ് സ്റ്റേഷനിലെ സി.പി.ഒ മാട്ടട ഉണ്ണിക്കൃഷ്ണന്റെ ചുങ്കത്തറ കൈപ്പിനിയിലെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ആക്ടീവ സ്കൂട്ടര്‍, ബുള്ളറ്റ് എന്നിവയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിക്ക് ശേഷം മണ്ണെണ്ണ ഒഴിച്ച് തീയിട്ടത്. വീട്ടുമുറ്റത്തെ കിണറ്റിലും മണ്ണെണ്ണ ഒഴിച്ചു മലീമസമാക്കി.
ഉണ്ണികൃഷ്ണനും ഭാര്യയും, കുട്ടിയും, മാതാവ് കാഞ്ചനയും വീട്ടില്‍ ഉറങ്ങുമ്പോഴാണ് സംഭവം. മാതാവ് ഇന്നലെ പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് മണ്ണെണ്ണയുടെ ഗന്ധവും പ്ലാസ്റ്റിക്ക് കത്തിയ പുകയുടെ മണവും ശ്രദ്ധയില്‍പെട്ടത്.
സ്കൂട്ടറില്‍ കത്തിക്കാനുപയോഗിച്ച മണ്ണെണ്ണയില്‍ മുക്കിയ കാവിമുണ്ട് ഭാഗികമായി കത്തിയതായി പരിസരത്ത് നിന്നു കണ്ടെത്തി.
കാഞ്ചനയുടെ പരാതിയില്‍ പോത്തുകല്ല് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസത്രീയ കുറ്റാന്വേഷണ വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന് സ്ഥലത്തെത്തി.
സമഗ്ര അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നും, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."