വിഷുത്തിരക്കില്‍ നഗരം
കോഴിക്കോട്: വിഷുവിനെ വരവേല്‍ക്കാന്‍ നഗരം തിരക്കിലമര്‍ന്നു. ഇന്നലെ മിഠായിത്തെരുവ് വിഷുക്കോടി വാങ്ങാനെത്തിയവരെക്കൊണ്ട് തിങ്ങിനിറഞ്ഞു. ഇന്നും കച്ചവടം പൊടിക്കും. പാളയം പച്ചക്കറി മാര്‍ക്കറ്റിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറികള്‍ക്ക് ഇത്തവണ വിലക്കുറവുണ്ടായിരുന്നെങ്കിലും കണിവെള്ളരിക്ക് പൊള്ളുന്ന വിലയായിരുന്നു. കിലോക്ക് 80 രൂപ വരെയായിരുന്നു ചില്ലറ വില. ജൈവപച്ചക്കറികള്‍ വിപണിയില്‍ യഥേഷ്ടം എത്തിയിരുന്നു. പലരും ജൈവപച്ചക്കറികളാണ് സദ്യയ്ക്ക് ഉപയോഗിക്കുന്നത്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിഷുച്ചന്തകളും സജീവമാണ്. ഇന്ന് കൊന്നപ്പൂവും വിപണിയിലെത്തും.
പടക്കവിപണി ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സജീവമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പടക്കങ്ങളേക്കാള്‍ മത്താപ്പൂ, പൂത്തിരി, കമ്പിത്തിരി പോലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലും. ശിവകാശിയില്‍ നിന്നുള്ള പടക്കങ്ങളാണ് വിപണിയിലെ ഒന്നാംകിടക്കാര്‍. ചൈനീസ് സാങ്കേതിക വിദ്യയിലായതിനാല്‍ കുട്ടികള്‍ക്കുപോലും അപകടം കൂടാതെ കൈകാര്യം ചെയ്യാനാകുമെന്ന സവിശേഷതയുണ്ട്. വിസിലിങ് നിലച്ചക്രം, അഞ്ചു നിറത്തിലുള്ള കമ്പിത്തിരി, വിവിധതരം പടക്കങ്ങള്‍ എന്നിവയും വിപണിയിലുണ്ട്. കണികാണാന്‍ മിഠായിത്തെരുവിലെ ഖാദി എംപോറിയത്തില്‍ മരത്തിലും വെങ്കലത്തിലും തീര്‍ത്ത ശ്രീകൃഷ്ണ വിഗ്രഹങ്ങളും എത്തിയിട്ടുണ്ട്. പള്‍പ്പില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ക്ക് 200 രൂപ മുതലാണ് വില.
അതേസമയം, വിഷുവിപണി മാത്രം ലക്ഷ്യമാക്കി നഗത്തിലെ ഡി.ഡി.ഇ ഓഫിസ് പരിസരം മുതല്‍ പൊലിസ് ക്ലബ് വരെയും ബി.എസ്.എന്‍.എല്‍ ഓഫിസ് വരെയും പാതയോരത്ത് വസ്ത്രക്കച്ചവടം തകൃതിയായി നടന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ വൈവിധ്യങ്ങളായ മോഡലുകളുമായി വസ്ത്രവിപണി സജീവമാണെങ്കിലും ഉപഭോക്താക്കള്‍ കുറവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."