തടിച്ചിട്ടോ, മെലിഞ്ഞിട്ടോ
'മെലിഞ്ഞു നീര്‍ക്കോലി പോലല്ലേ ഇരിക്കുന്നെ.. പുസ്തകം പൊക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടോ?'
തമാശ ആയിരുന്നെങ്കിലും എല്ലാരും ഒരുമിച്ചു പറഞ്ഞപ്പോള്‍ കൂട്ടുകാരിയുടെ മുഖം വാടി. പുസ്തകക്കെട്ട് ലൈബ്രറിയില്‍ തന്നെ വച്ച് അവള്‍ വരാന്തയുടെ കോണിലേക്കു മാറി നിന്നു.
'എല്ലാരും ഇങ്ങോട്ട് വന്നേ..'
ലൈബ്രറി മാഷുടെ മേശയ്ക്കു ചുറ്റും ഞങ്ങള്‍ തിക്കിത്തിരക്കി നിന്നു.
'അപ്പൊ പറ, എന്താണ് ആരോഗ്യം?'-മാഷ് കണ്ണട അഴിച്ചു മേശമേല്‍ വച്ചു.
'ഉയരവും വണ്ണവുമൊക്കെ ഉണ്ടാവുക, സ്‌ട്രോങ് ആയിരിക്കുക..'-പ്രൈമറി ക്ലാസിന്റെ പരിമിതമായ അറിവില്‍നിന്ന് ഉത്തരങ്ങള്‍ പൊങ്ങി.
'ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥയാണ്. അല്ലാതെ തടി ഇല്ലാത്തതോണ്ട് ആരോഗ്യമില്ല എന്നു പറയാന്‍ പറ്റില്ല. തടി കൂടിയാലാണ് ഇപ്പൊ പല അസുഖങ്ങളും.'ഇതു പറഞ്ഞ് മാഷ് ഞങ്ങളെ ഒന്നു നോക്കി. പിണങ്ങിപ്പോയി നിന്ന കൂട്ടുകാരിയുടെ മുഖത്ത് യുദ്ധം ജയിച്ച സന്തോഷം. അവളുടെ ചിരിയിലൂടെ നമുക്ക് അമിത വണ്ണത്തിലേക്കും ആരോഗ്യ പ്രശ്‌നങ്ങളിലേക്കും കടക്കാം.
പൊണ്ണത്തടി (obesity)
ശരീരം സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഊര്‍ജത്തിലെ പൊരുത്തക്കേടുകളാണു പൊണ്ണത്തടിക്കു കാരണമാകുന്നത്. ശരീരത്തിനു ലഭിക്കുന്ന ഈ അമിത ഊര്‍ജം കൊഴുപ്പായി അടിഞ്ഞുകൂടുന്നു. ഇതു പൊണ്ണത്തടിക്കു കാരണമാകുകയും ചെയ്യുന്നു.
ലോകത്ത് പൊണ്ണത്തടി ഉള്ളവരുടെ എണ്ണം കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ മൂന്നു മടങ്ങായി വര്‍ധിച്ചതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊണ്ണത്തടിയെക്കുറിച്ചു പറയുന്നതിനു മുന്‍പ് മറ്റു ചിലരെക്കൂടെ പരിചയപ്പെടുത്താനുണ്ട്. പൊണ്ണത്തടി അളക്കാന്‍ സഹായിക്കുന്നവര്‍. ഒരാളുടെ ശരീരഭാരം കൂടുതലാണോ, അമിതവണ്ണമുണ്ടോ, പൊണ്ണത്തടിയുണ്ടോ, തൂക്കക്കുറവുണ്ടോ എന്നൊക്കെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നത് ഇവരാണ്.
BMI അഥവാ ബോഡി മാസ് ഇന്‍ഡക്‌സ്
ശരീരഭാരത്തെ (കിലോഗ്രാമില്‍) ഉയരത്തിന്റെ സ്‌ക്വയര്‍ (മീറ്ററില്‍) കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് ബി.എം.ഐ. (ഉദാഹരണത്തിന് 1.75 മീറ്റര്‍ ഉയരമുള്ള ഒരാളുടെ ഭാരം 70 കിലോ ആണെന്നിരിക്കട്ടെ. അയാളുടെ ബി.എം.ഐ 701.75*1.75 =22.9 ആണ്.). 18.5 മുതല്‍ 24.9 വരെയാണ് നോര്‍മല്‍ ബി.എം.ഐ. 25 മുതല്‍ 29.9 വരെ അമിതവണ്ണം. 30നു മുകളില്‍ പൊണ്ണത്തടി. ബി.എം.ഐ 18.5നും 24നും ഇടയിലുള്ളവരില്‍ മരണസാധ്യത കുറവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ 0.5 ശതമാനം ഭാരവര്‍ധനയ്ക്ക് അനുസരിച്ചും അപകട സാധ്യത ഒരു ശതമാനം കൂടുന്നു.
അരക്കെട്ടിന്റെ ചുറ്റളവ്
(waist circumference)
പൊക്കിളിന്റെ ലെവലില്‍ ആണ് അരക്കെട്ടിന്റെ ചുറ്റളവ് അളക്കുന്നത്. ഇത് 102 സെന്റിമീറ്ററിനു മുകളിലാകുമ്പോള്‍ പുരുഷന്മാരിലും, 88 സെന്റിമീറ്ററിനു മുകളില്‍ വരുമ്പോള്‍ സ്ത്രീകളിലും പൊണ്ണത്തടി കൊണ്ടുള്ള അപകടസാധ്യതകളും സങ്കീര്‍ണതകളും വര്‍ധിക്കുന്നു.
പൊണ്ണത്തടി കൊണ്ടുള്ള പ്രശ്‌നങ്ങള്‍
- രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം കുറയുന്നു. ഇതു തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തയോട്ടം തടസപ്പെടുത്തുകയും ഹൃദ്രോഗം(കൊറോണറി ഹാര്‍ട്ട് ഡിസീസ്), മസ്തിഷ്‌കാഘാതം(സ്‌ട്രോക്ക്) എന്നിവയ്ക്കു കാരണമാകുകയും ചെയ്യുന്നു.
- കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കരള്‍വീക്കം, സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്കു കാരണമാകുന്നു.
- ശ്വാസതടസം.
- എല്ലുകളുടെ തേയ്മാനം.
- മൂത്രതടസം.
- ഞരമ്പ് തടിപ്പ് (വെരിക്കോസ് വെയിന്‍).
- സ്തനാര്‍ബുദം, ഗര്‍ഭപാത്രത്തിലെ കാന്‍സര്‍ തുടങ്ങിയവക്കുള്ള സാധ്യതകള്‍.
- അണ്ഡാശയത്തിലെ നീര്‍ക്കെട്ടുകള്‍, പോളി സിസ്റ്റിക് ഓവറിന്‍ സിന്‍ഡ്രോം.
- വന്ധ്യത.
- വിഷാദം, ആത്മവിശ്വാസക്കുറവ് തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍.
- തൊലിപ്പുറത്തെ അണുബാധകള്‍
പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങള്‍ അമിതഭക്ഷണവും വ്യായാമക്കുറവുമാണ്. കൊഴുപ്പു കൂടുതലുള്ള ഭക്ഷണങ്ങള്‍, അമിതമായി ശരീരത്തില്‍ കൊഴുപ്പ് നിറയുന്നതിനു കാരണമാകുന്നു. ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ കായികാധ്വാനത്തെ കുറയ്ക്കുമ്പോള്‍, ഈ അമിത ഊര്‍ജത്തെ ചെലവഴിക്കാന്‍ ശരീരത്തിനു സാധിക്കാതെ വരുന്നു. ഇതോടൊപ്പം തന്നെ മിക്കവരിലും പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ പൊണ്ണത്തടിയോടൊപ്പം വന്നെത്തുന്നു. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു. ഇതു കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുള്ള പ്രശ്‌നങ്ങള്‍, ഹൈപോത്തലാമസ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ശരീരഭാരം കൂടാനുള്ള കാരണങ്ങളാകുന്നു.
പൊണ്ണത്തടി എങ്ങനെ പരിഹരിക്കാം
തൈലം പുരട്ടിയും മന്ത്രം ചൊല്ലിയും പൊണ്ണത്തടി കുറക്കാന്‍ പറ്റില്ല. അതിന് ഏറ്റവും ആദ്യം വേണ്ടത്, അമിതാഹാരത്തോട്, കൊഴുപ്പിനോട്, പാക്കറ്റ് ഭക്ഷണ പദാര്‍ഥങ്ങളോട് 'എന്നെ കിട്ടില്ല, നീ വേറെ ആളെ നോക്കി പോ' എന്നു പറയാനുള്ള മനശക്തി ആണ്. അതെ, ഭക്ഷണനിയന്ത്രണമാണു പ്രധാനം. കൂടെ വ്യായാമവും. ശരീരം ഇളകട്ടെ, കൊഴുപ്പ് കുറയട്ടെ, രക്തം തലങ്ങും വിലങ്ങും ഓടട്ടെ.. നടത്തം, നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍, കായികാധ്വാനം തുടങ്ങിയവയില്‍ ഏതു വേണമെങ്കിലും ആവാം.
പൊണ്ണത്തടി കാരണമുള്ള സങ്കീര്‍ണതകളുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തില്‍ ശരീരഭാരം കുറക്കാനുള്ള മരുന്നുകളും നല്‍കിവരുന്നു. ഗുരുതരമായ പൊണ്ണത്തടി ഉള്ളവരില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതു തടയാന്‍ ചില ഘട്ടങ്ങളില്‍ ശസ്ത്രക്രിയകള്‍ വേണ്ടി വരാറുണ്ട്.
ഒന്നാം വര്‍ഷ എം.ബി.ബി.എസിന് അനാട്ടമി പഠിപ്പിച്ച അധ്യാപകന്‍ സ്ഥിരമായി പറയുന്നൊരു തമിഴ്‌ചൊല്ലുണ്ട്.
'സാപ്പിടറത്ക്കാക മട്ടും വാഴക്കൂടാത്,
വാഴറതുക്കാക സാപ്പിടണം..'
ഭക്ഷണം ജീവിക്കാന്‍ വേണ്ടിയാണ്, ജീവിതം ഭക്ഷിക്കാന്‍ വേണ്ടി മാത്രമാകരുതെന്നര്‍ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."