'സുപ്രിംകോടതിയുടെ പല വിധികളും ജുഡീഷ്യറിയിലുള്ള വിശ്വാസ്യത ഇല്ലാതാക്കുന്നത് '
തൃശൂര്‍: വരേണ്യവര്‍ഗത്തിന്റെ താല്‍പര്യങ്ങളല്ല ഭരണഘടനാതത്വങ്ങളാണ് സുപ്രിംകോടതിയെ നയിക്കേണ്ടതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍.
ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധികളാണ് കോടതിയില്‍ നിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഓഫിസില്‍ സംഘടിപ്പിച്ച അംബേദ്കര്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാസ്ഥാപനങ്ങളായി നിയമനിര്‍മ്മാണസഭകളും ഭരണനിര്‍വഹണ ഘടകമായ എക്‌സിക്യൂട്ടിവ് സംവിധാനവും ജുഡിഷ്യറിയും മാറി.
ഭരണഘടനാതത്വങ്ങളെക്കുറിച്ച് ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കര്‍ പറഞ്ഞ വാക്കുകള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. പാതയോരത്തെ മദ്യശാലകള്‍ പുനഃസ്ഥാപിച്ച സുപ്രിംകോടതി സ്വന്തം വിധിയില്‍ തന്നെ മായംചേര്‍ക്കുകയാണ് ചെയ്തത്. അതിനെ സാധൂകരിക്കാന്‍ ഇതുവരെ സുപ്രിംകോടതിക്ക് സാധിച്ചിട്ടില്ല.
ഹാരിസണ്‍ കേസുമായി ബന്ധപ്പെട്ട വിധിയില്‍ ക്ഷേമരാഷ്ട്രത്തിന്റെ നിലനില്‍പ്പിന് കോര്‍പറേറ്റുകള്‍ ആവശ്യമാണെന്ന ഭരണഘടനാവിരുദ്ധമായ പരാമര്‍ശമാണ് കോടതി നടത്തിയതെന്നും സൂധീരന്‍ ചൂണ്ടിക്കാട്ടി. ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്‍.കെ സുധീര്‍ അധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, പി.എ മാധവന്‍, കെ.ബി ശശികുമാര്‍, കെ.വി ദാസന്‍, സി.സി ശ്രീകുമാര്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത് സംസാരിച്ചു.
അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ഡി.സി.സിയില്‍ പ്രത്യേകം ഒരുക്കിയ സ്മൃതിമണ്ഡപത്തിന് മുന്നില്‍ മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി. മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍, ടി.വി ചന്ദ്രമോഹന്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, ജോസ് കാട്ടൂക്കാരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."