സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരേ ഹരജി നല്‍കി
തലശ്ശേരി:എരഞ്ഞോളി കുണ്ടൂര്‍മലയില്‍ പ്രവര്‍ത്തിച്ചവരുന്ന ടി.വി സുകുമാരന്‍ പബ്ലിക് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ കോടതിയില്‍ ഹരജി.
സ്‌കൂള്‍ ലാഭകരമല്ലെന്നു പറഞ്ഞാണ് ഇപ്പോഴത്തെ നടത്തിപ്പുകാര്‍ കുട്ടികള്‍ക്കു നിര്‍ബന്ധ ടി.സി നല്‍കിയും അധ്യാപകരെ പിരിച്ചുവിട്ടും സ്‌കൂള്‍ പൂട്ടാന്‍ ശ്രമിക്കുന്നതെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ സ്ഥാപകന്റെ ബന്ധുക്കളും മകളുമാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചത്. 24 വര്‍ഷം മുന്‍പ് ആരംഭിച്ച സ്‌കൂള്‍ പിന്നീടു ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതിനിടയിലാണു സ്‌കൂള്‍ സ്ഥാപകയുടെ മരണം. അതിനുശേഷം ട്രസ്റ്റിലുള്ള മറ്റംഗങ്ങള്‍ കൃത്രിമംകാട്ടി സ്‌കൂള്‍ കൈവശപ്പെടത്തിയെന്നാണു കമ്മിറ്റി അംഗങ്ങള്‍ ആരോപിക്കുന്നത്.
നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്. സ്‌കൂള്‍ അടച്ചുപൂട്ടുന്നതോടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണു രക്ഷിതാക്കളും അധ്യാപകരും. രണ്ടേക്കര്‍ ഭൂമിയിലാണു സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇതിനിടെ 16 ലക്ഷം രൂപ മതിക്കുന്ന ഇളകുന്ന മുതലുകള്‍ സ്വന്തമാക്കാനുള്ള ശ്രമവും ഇപ്പോഴത്തെ നടത്തിപ്പുകാര്‍ ശ്രമിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയില്‍ മേജറായ ടി.വി സുകുമാരന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ലീലാവതിയാണു സ്‌കൂള്‍ സ്ഥാപിച്ചത്.
പിന്നീട് ഇവരുടെ മരണത്തോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയായിരുന്നുവെന്നു ഭാരവാഹികള്‍ പറഞ്ഞു.
പബ്ലിക് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വരുന്ന സ്‌കൂളിന്റെ വസ്തു വകകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികളായ കെ.കെ രാജേഷ്, മനോജ്, നിഷിത, പ്രമോദ്, അജിത, സുജാത, മിന്‍ജ, സുജി, സുഗതകുമാരി, ജയലക്ഷ്മി എന്നിവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."