അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങായി കോവളത്തെ ജനമൈത്രി പൊലിസ്
കോവളം: ജനമൈത്രി എന്ന പേരുംപേറി ലോക്കപ്പ് മര്‍ദ്ദനങ്ങളിലൂടെയും ഇടിയന്‍ സ്‌ക്വാഡുകളുടെ കിരാത നടപടികളിലൂടെ കേരള പൊലിസിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ക്കിടയില്‍ അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങായി നന്മയുടെ നറുവെളിച്ചം പകരുകയാണ് കോവളത്തെ ജനമൈത്രി പൊലിസ്.
മുക്കാല്‍ സെന്റ് വസ്തുവില്‍ അടച്ചുറപ്പില്ലാതെ തകരഷീറ്റുകൊണ്ട് മറച്ചവീട്ടില്‍ സാരിതുണി
കൊണ്ട് മറച്ച് അന്തിയുറങ്ങിയിരുന്ന ആഴാകുളം ചിറ്റാഴാകുളം വീട്ടില്‍ വയോവൃദ്ധയായ ലീല എന്ന 80 കാരിയായ മാതാവിനും മാനസികവൈകല്യം ബാധിച്ച മധ്യവയസ്‌കയായ മകള്‍ ബിന്ധുവിനുമാണ് കോവളം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ മാതൃകാപരമായ ഇടപെടലിലൂടെയും കല്ലുവെട്ടാന്‍ കുഴിയിലെ ക്രൈസ്റ്റ് കോളജ് മാനേജിങ് ഡയരക്ടര്‍ ഫാ. തോമസിന്റെയും കോളജിലെ വിദ്യാര്‍ഥികളുടെയും അശ്രാന്ത പരിശ്രമത്തിലൂടെയും സുരക്ഷിതമായി അന്തിയുറങ്ങാനുള്ള ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒരു പരാതി അന്വേഷണവുമായി ബന്ധപ്പെട്ട് പോകുന്നതിനിടയിലാണ് ഈ വീടിന്റെ ദുരവസ്ഥ കോവളം എസ്.ഐയുടെ ശ്രദ്ധയില്‍ പെട്ടത്.
ഉടന്‍തന്നെ വയോമാതാവിനെ വിളിച്ച് കാര്യങ്ങള്‍ മനസിലാക്കി ഇവര്‍ക്ക് സുരക്ഷിതഭവനമൊരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. വിവരം ശ്രദ്ധയില്‍ പെടുത്തിയതോടെ ക്രൈസ്റ്റ് കോളജ് മാനേജ്‌മെന്റും വിദ്യാര്‍ഥികളും കോവളം പൊലിസിനൊപ്പം ഇറങ്ങി.
ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടി. ഇതിന് മേല്‍നോട്ടവുമായി ജനമൈത്രി കോര്‍ഡിനേറ്റര്‍ ബിജുവും രാപകല്‍കൂടെ നിന്നു. വീടിന്റെ നിര്‍മാണ ചുമതലഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ വിന്‍സന്റും തൊഴിലാളികളും രാവും പകലുമായി കഠിനാദ്ധ്വാനം നടത്തിയപ്പോള്‍ 23 ദിവസം കൊണ്ടു അതി മനോഹരമായ വീട് യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
നാലു ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി വേണ്ടിവന്നത്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ കോവളം സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ വീടിന്റെ താക്കോല്‍ ലീലക്ക് കൈമാറി.
ക്രൈസ്റ്റ് കോളജ് എം.ഡി.ഫാദര്‍ തോമസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. മീനാക്ഷി രാമചന്ദന്‍, പഞ്ചായത്തംഗങ്ങളായ വിപിന്‍, ലാലന്‍, കോണ്‍ട്രാക്ടര്‍ വിന്‍സന്റ്, ജനമൈത്രി കോഡിനേറ്റര്‍ സി.പി.ഒ ബിജു പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് എം.ഡി ഫാദര്‍ തോമസ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കോവളം സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, കോണ്‍ട്രാക്ടര്‍ വിന്‍സന്റ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നാട്ടുകാര്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."