ഹര്‍ത്താല്‍: ഗ്രാമീണ മേഖലകളില്‍ പൂര്‍ണം
പെരിന്തല്‍മണ്ണ: സാമൂഹിക മാധ്യമം വഴി നടത്തിയ ഹര്‍ത്താല്‍ ആഹ്വാനം പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും പൂര്‍ണമായി. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ യുവാക്കളുടെ കൂട്ടായ്മ നഗരത്തില്‍ പ്രകടനം നടത്തി. ഇതോടെ നഗരത്തിലെ മുഴുവന്‍ കടകളും അടച്ചു. ഇരുചക്രവാഹനങ്ങളും ഒറ്റപ്പെട്ട സ്വകാര്യവാഹനങ്ങളും മാത്രമാണ് ഓടിയത്. പലസമായത്തും സ്വകാര്യവാഹനങ്ങളും കെ.എസ്.ആര്.ടി.സി ബസുകളും തടഞ്ഞിട്ടു. ഇതോടെ പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ സര്‍വിസുകളും നിര്‍ത്തിവച്ചു.
ഗതാഗതം തടസപ്പെടുത്തിയത്തിനും വാഹനങ്ങള്‍ തടഞ്ഞതിനുമായി 45 ഓളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഉള്‍പ്രദേശങ്ങളിലെല്ലാം വാഹനങ്ങള്‍ നിലച്ചതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. താലൂക്ക് അതിര്‍ത്തിയായ തിരൂര്‍ക്കാട്, അങ്ങാടിപ്പുറം, പുലാമന്തോള്‍, മണ്ണാര്‍മല, പട്ടിക്കാട് ചുങ്കം, താഴെക്കോട് കരിങ്കല്ലത്താണി എന്നിവിടങ്ങളിലെല്ലാം പ്രകടനക്കാരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. വെട്ടത്തൂര്‍ മണ്ണാര്‍മലയില്‍ വാഹനങ്ങള്‍ തടഞ്ഞ മൂന്നുപേരെ മേലാറ്റൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. വെട്ടത്തൂര്‍ പ്രദേശത്തെ വിവിധ ക്ലബുകളുടെ പ്രതിനിധികള്‍ പ്രതിഷേധവുമായി ഗ്രാമീണവയനശാലയില് ഒത്തുചേര്‍ന്നു.
കൊണ്ടോട്ടി: മേഖലയില്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. കൊണ്ടോട്ടി പൊലിസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞതിന് ആറ് പേരെ അറസ്റ്റ് ചെയ്തു.
രാവിലെ ഒന്‍പതോടെ ആരംഭിച്ച പ്രതിഷേധം ഉച്ചക്ക് ഒന്നിന് അവസാനിച്ചു. ഐക്കരപ്പടി, പുളിക്കല്‍, കൊട്ടപ്പുറം, കൊണ്ടോട്ടി, മോങ്ങം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തിയത്.
പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ തടഞ്ഞു. അവശ്യവാഹനങ്ങെള കടത്തി വിട്ടെങ്കിലും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കടക്കമുള്ളവര് എത്താന്‍ വൈകി. മോങ്ങത്ത് നിന്നാരംഭിച്ച പ്രകടനം കാല്‍നടയായി കൊണ്ടോട്ടിയില്‍ എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് എല്ലാവരും പിരിഞ്ഞുപോയി.
കിഴിശ്ശേരി: ഹര്‍ത്താല്‍ കിഴിശ്ശേരിയില്‍ പൂര്‍ണം. ഓട്ടോ ടാക്സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. നീറ്റിക്കല്‍, മുണ്ടംപറമ്പ് എന്നീ ഭാഗങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ വഴികള്‍ തടഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്.
മങ്കട: ഹര്‍ത്താലില്‍ മങ്കടയില്‍ അഞ്ചുയുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. പത്തോളം പേരെ കസ്റ്റഡിയിലെടുത്ത് വിട്ടു. തിരൂര്‍ക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ദേശീയ പാതയില്‍ പൊലിസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിച്ചതിനെതിരെയാണ് കേസെടുത്തത്.ഇവരെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡിനായി കൊണ്ടുപോയി. കസ്റ്റഡിയലെടുത്തു വിട്ട യുവാക്കള്‍ അരിപ്ര സ്വദേശികളാണ്.
മങ്കട: മങ്കടയില്‍ പഞ്ചായത്ത് യുവജന കൂട്ടായ്മ സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധമിരമ്പി. വൈകിട്ട് നാലോടെ കോഴിക്കോട്ടുപറമ്പില്നിന്നും ആരംഭിച്ച റാലി മങ്കട ഗവ. ഹൈസ്കൂളിന് മുന്നില്‍ സമാപിച്ചു.
ആര്.എസ്.എസിന്റെ വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി നടത്തിയത്. മങ്കട റാലി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."