പട്ടാപകലും കാട്ടാനയുടെ വിളയാട്ടം: നൂല്‍പ്പുഴ പണയമ്പത്ത് വ്യാപക നാശം വിതച്ചു
നായ്ക്കട്ടി: പട്ടാപകല്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ വിളയാട്ടം. നൂല്‍പ്പുഴ പഞ്ചായത്തിലെ പണയമ്പത്താണ് ഇന്നലെ രാവിലെ 7.30ഓടെ ഭീതി പരത്തി കാട്ടാന വിളയാടിയത്. ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വ്യാപകനാശമാണ് വരുത്തിയത്. പ്രദേശവാസികളായ കല്യാണത്തില്‍ ജിജോ, പുത്തന്‍പുരയ്ക്കല്‍ മാണി എന്നിവരുടെ എണ്‍പതോളം കുലക്കാറായ വാഴകളാണ് നശിപ്പിച്ചത്.
അതേ സമയം ആനയുടെ സാന്നിധ്യമറിയാതെ കൃഷിയിടത്തില്‍ പുല്ലരിയാനെത്തിയ മാണിയുടെ അമ്മ മേഴ്‌സിയും ജോലിക്കാരി കുഞ്ഞാമിയും തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആന തങ്ങള്‍ക്ക് നേരെ വരുന്നത് കണ്ട ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ വീണ് മേഴ്‌സിക്ക് പരുക്കേറ്റിട്ടുണ്ട്.
പണയമ്പം ഭാഗത്ത് ഇറങ്ങിയ കാട്ടാന അടുത്തിടെ വനം വകുപ്പ് സഞ്ചാരപഥം മനസ്സിലാക്കുന്നതിന്നായി റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണന്ന്് ദൃക്‌സാക്ഷികള്‍ പറയുന്നു. ജനങ്ങളെ ഏറെ നേരം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ആന കാടു കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."