പദ്ധതികള്‍ ആവോളം: ചന്ദ്രന്റെ കുടുംബം ഇപ്പോഴും ഇരുട്ടില്‍ തന്നെ
പുതുനഗരം: നൂറ്റാണ്ടിലധികം ഓലക്കുടിലില്‍ കഴിയുന്ന ചന്ദ്രന്റെ കുടുബം ഇപ്പോഴും ഇരുട്ടില്‍ തന്നെ. മുത്തച്ഛന്‍ ഊട്ടന്റ കാലം മുതല്‍ മേച്ചിറ മന്ദത്ത്ചള്ള ലക്ഷം വീട് കോളനിയിലെ ഒറ്റമുറി ഓലക്കുടിലിലാണ് ബധിരനും മൂകനുമായ ചന്ദ്രനും ഭാര്യ ദേവുവും താമസിക്കുന്നത്. നാടെങ്ങും സമ്പൂര്‍ണ്ണ വൈദ്യുതിയെത്തിയിട്ടും ചന്ദ്രന്റെ കുടിലില്‍ ഇപ്പോഴും മണ്ണെണ്ണ വിളക്കിന്റെ വെട്ടമാണ്. റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടും ചന്ദ്രന് വീട് വൈദ്യുതീകരിക്കാന്‍ കെ.എസ്.ഇ.ബി തടസവാദങ്ങള്‍ ഉന്നയിക്കുകയാണ്.
കൂടാതെ അച്ഛനും മുത്തച്ഛനും ഭവന പദ്ധതികള്‍ക്കായി തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കാറുണ്ടെങ്കിലും ഇതുവരെയും ഇവര്‍ക്ക് സ്വന്തമായ ഭൂമി നല്‍കുവാന്‍ സാധിച്ചിട്ടില്ല. ശാരീരിക അവശതകളാല്‍ ജോലിക്കു പോകാന്‍ സാധിക്കാത്തതിനാല്‍ ഭാര്യ ദേവു കൂലി പ്പണിയെടുത്താണ് മക്കളില്ലാത്ത ദമ്പതികളുടെ കുടുംബം കഴിഞ്ഞു പോകുന്നത്. ഭൂ ഉടമകളുടെ തൊഴിലാളികളായ മുത്തച്ഛനും അച്ഛനും താമസിച്ചു വന്ന രണ്ട് സെന്റ് സ്ഥലത്താണ് പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെട്ട ചന്ദ്രനും ദേവുവും കൊച്ചു കുടിലില്‍ വസിക്കുന്നത്.കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയത്തും കുടിലിലെ ഓലകള്‍ തകര്‍ന്നതിനാല്‍ അയല്‍പക്കത്തുള്ളവരുടെ സഹകരണത്താലാണ് തകര്‍ന്ന കുടിലിന്റെ അറ്റകുറ്റ പണികള്‍ നടത്തിയത്. പട്ടയമില്ലാത്തതിന്റെ പേരില്‍ വീട് അനുവദിക്കില്ലെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്താതെ പഞ്ചായത്ത് അധികൃതരും അവഗണിച്ചതായി ദേവു പറയുന്നു.
എന്നാല്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സ്ഥലവും വീടിനും വിവിധ പദ്ധതികള്‍ ഉണ്ടെങ്കിലും ഇവയൊന്നും അനുവദിക്കുവാന്‍ പട്ടികജാതി വകുപ്പും തദ്ദേശ വകുപ്പും തയ്യാറായില്ലെന്നതാണ് യാഥാര്‍ഥ്യം. ചന്ദ്രന്‍ ദേവു ദമ്പതികള്‍ക്ക് സര്‍ക്കാറിന്റെ പദ്ധതികള്‍ അനുവദിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭവന പദ്ധതികള്‍ക്ക് അപേക്ഷ നല്‍കിയും ഉദ്യോഗസ്ഥര്‍ അവഗണിച്ചത് അന്വേഷണ വിധേയമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."