കത്‌വ, ഉന്നാവോ: മോദിയുടെ മൗനം ദുരന്തമുണ്ടാക്കും- നിശിതമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ്
കത്‌വ, ഉന്നാവോ സംഭവങ്ങളില്‍ ഇതുവരെ കൃത്യമായി പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈസ്. 'ഇന്ത്യയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മോദിയുടെ നീണ്ട മൗനം' എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മോദിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്നത്.
ഇടയ്ക്കിടെ ട്വീറ്റ് ചെയ്യുകയും പ്രഗല്‍ഭനായ പ്രാസംഗികനെന്ന് സ്വയം വിലയിരുത്തുകയും ചെയ്യുന്ന മോദിക്ക്, ബി.ജെ.പിയുടെ അടിത്തറയില്‍ ദേശീയവാദികളും വര്‍ഗീയശക്തികളും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും നിരന്തരം വേട്ടയാടുമ്പോള്‍ ശബ്ദം നഷ്ടപ്പെട്ടെന്നു പറഞ്ഞാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെ എട്ടുവയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇന്ത്യക്കാര്‍ ആഴ്ചകളായി തെരുവിലാണ്. ഇതേപ്പറ്റിയോ അദ്ദേഹത്തിന്റെ അനുയായികള്‍ ഉള്‍പ്പെട്ട കേസുകളെപ്പറ്റിയോ മോദി കഷ്ടിച്ചേ സംസാരിക്കുന്നുവെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു.
ബി.ജെ.പി മന്ത്രിമാര്‍ തന്നെ പ്രതികളെ പിന്തുണയ്ക്കുന്ന നിലപാടെടുത്തതും ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടും മൗനം തുടരുന്നതിനെയും അതിരൂക്ഷമായാണ് എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നത്.
യു.പിയില്‍ ബി.ജെ.പി എം.എല്‍.എയുടെ പീഡനത്തിനിരയായ സംഭവത്തിലും ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശനമുന്നയിക്കുന്നുണ്ട്. രണ്ടു സംഭവങ്ങളെ പരാമര്‍ശിക്കാന്‍ പോലും മോദി തയ്യാറായില്ല. പകരം, ''കഴിഞ്ഞ രണ്ടുദിവസമായി നമ്മള്‍ ചര്‍ച്ചചെയ്യുന്ന സംഭവങ്ങള്‍'' എന്നാണ് പരാമര്‍ശിച്ചത്. പശുക്കളുടെ പേരില്‍ മുസ്‌ലിംകളെയും ദലിതുകളെയും ഗോരക്ഷകര്‍ ആക്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു മോദിയുടെ നിലപാടെന്നും എഡിറ്റോറിയലില്‍ പറയുന്നു.
മോദിയുടെ മൗനം ദുരന്തമുണ്ടാക്കുന്നുവെന്ന കാര്യത്തില്‍ ഉല്‍കണ്ഠയുണ്ട്. 2012 നിര്‍ഭയ സംഭവത്തില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ക്ക് അനുഭവിക്കേണ്ടി വന്നതില്‍ മോദി പാഠംപഠിച്ചില്ല.
അദ്ദേഹത്തിന്റെ അനുയായികള്‍ ചെയ്യുന്ന ഓരോ തെറ്റിനെപ്പറ്റിയും മോദിക്ക് ചര്‍ച്ച ചെയ്യാന്‍ സാധിക്കണമെന്നില്ല. പക്ഷെ, ഇത് അങ്ങനെയല്ല. സ്ത്രീകളെയും മുസ്‌ലിംകളെയും ദലിതുകളെയും തീവ്രവാദികളായി ചിത്രീകരിക്കേണ്ട സംഘടിതമായ ക്യാംപയിന്റെയും ദേശീയതാശക്തികളുടെയും ഭാഗമാണിത്.
അദ്ദേഹത്തിന്റെ രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷയൊരുക്കേണ്ട ചുമതല പ്രധാനമന്ത്രിക്കുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."