വരാപ്പുഴയില്‍ നടന്നത് മൂന്നാം മുറ: എസ്.ഐ ദീപക് ശ്രീജിത്തിനെ മര്‍ദിച്ചെന്ന് കൂട്ടുപ്രതികള്‍
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ വച്ച് മരിച്ച ശ്രീജിത്തിനെ മര്‍ദിച്ചത് എസ്.ഐ ദീപക് ആണെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതികള്‍. വരാപ്പുഴ സ്റ്റേഷനില്‍ വച്ചാണ് മര്‍ദിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. പൊലിസ് തങ്ങളെയും മര്‍ദിച്ചു. ശ്രീജിത്തിനെ മര്‍ദിച്ചതിന് തങ്ങള്‍ ദൃക്സാക്ഷികളാണെന്നും ഇവര്‍ പറഞ്ഞു. ശ്രീജിത്തിന്റെ വയറിന് ചവിട്ടി.
ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകളും ചതവുകളും മൂന്നാംമുറയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൊലിസ് മര്‍ദനത്തിലാണ് ശ്രീജിത്ത് മരണപ്പെട്ടതെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സ്പെഷ്യല്‍ സ്ക്വാഡിലെ പൊലിസുകാരും സ്റ്റേഷനിലെ പൊലിസുകാരും പരസ്പരം പഴിചാരുന്ന സാഹചര്യത്തില്‍ നുണപരിശോധന ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്താനാണ് നീക്കം.
കുറ്റവാളികളെ പിടികൂടാന്‍ വൈകിയാല്‍ സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ശ്രീജിത്തിന്റെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞാല്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖിലയും അമ്മ ശ്യാമളയും മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."