വിഴിഞ്ഞം തുറമുഖ നിര്‍മാണം സി.എ.ജിക്ക് പരിസ്ഥിതി സംരക്ഷകന്റെ റോളാണോയെന്ന് കമ്മിഷന്‍
കൊച്ചി: വിഴിഞ്ഞം കരാര്‍ പരിശോധിക്കവേ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) പരിസ്ഥിതി സംരക്ഷകന്റെ റോള്‍ കൂടി ഏറ്റെടുത്തിരുന്നതായി സംശയിക്കണമെന്ന് അന്വേഷണ കമ്മിഷന്‍. വിഴിഞ്ഞം പദ്ധതിക്കെതിരേ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഒരു അഭിഭാഷകന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടില്‍ കടന്നുകൂടിയതായി തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് അറിയിച്ചപ്പോഴാണ് കമ്മിഷന്‍ ഇക്കാര്യം പറഞ്ഞത്.
തുറമുഖ നിര്‍മാണ കരാറിലെ വ്യവസ്ഥകള്‍ അദാനി ഗ്രൂപ്പിനുവേണ്ടി മാറ്റിയതായി സംശയിക്കത്തക്ക സാഹചര്യമില്ലെന്നും സിറ്റിങ്ങിനിടെ കമ്മിഷന്‍ അധ്യക്ഷന്‍ സി.എന്‍ രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ടെന്‍ഡറിനു വളരെ മുന്‍പാണ് പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കിയത്. ഇതേഘട്ടത്തില്‍ തന്നെയാണ് 1600 കോടി രൂപയുടെ സര്‍ക്കാര്‍ ധനസഹായവും നിര്‍ണയിച്ചത്. ടെന്‍ഡറിന്റെ പ്രാഥമികഘട്ടത്തില്‍ അഞ്ചുകമ്പനികള്‍ പങ്കെടുത്തിരുന്നു. അവയില്‍ മൂന്നുകമ്പനികള്‍ അവസാനഘട്ടം വരെയുണ്ടായിരുന്നെങ്കിലും അദാനി ഗ്രൂപ്പ് മാത്രമാണ് ടെന്‍ഡറുമായി മുന്നോട്ടുപോയത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കു മാത്രമായി കരാര്‍ വ്യവസ്ഥകള്‍ മാറ്റിയെന്ന ആക്ഷേപത്തില്‍ അടിസ്ഥാനമില്ലെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു.
കരാര്‍ വ്യവസ്ഥകള്‍, പദ്ധതി ചെലവ്, സര്‍ക്കാര്‍ വിഹിതം എന്നിവ നേരത്തേതന്നെ നിശ്ചയിച്ചതിനാല്‍ അദാനി ഗ്രൂപ്പിനുവേണ്ടി അവ മാറ്റിയെഴുതിയെന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണെന്ന് കമ്മിഷനും ചോദിച്ചു. ഇക്കാര്യത്തില്‍ സംശയിക്കത്തക്ക സാഹചര്യമില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
കേരളത്തിലെ വലിയൊരു പദ്ധതി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ചങ്കൂറ്റത്തെക്കുറിച്ച് മുന്‍ സി.ഇ.ഒ സന്തോഷ് മഹാപത്രയോടും കമ്മിഷന്‍ ചോദിച്ചു. ഏറ്റെടുത്തത് വലിയ വെല്ലുവിളിയാണെങ്കിലും പദ്ധതി വരുംനാളില്‍ സംസ്ഥാനത്തിന് പ്രയോജനം ചെയ്യുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
സി.എ.ജി റിപ്പോര്‍ട്ടിന്റെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ കമ്മിഷന് അധികാരമുണ്ടെന്ന സര്‍ക്കാര്‍ നിലപാട് അഭിഭാഷകന്‍ അറിയിച്ചു. സി.എ.ജി റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിക്കേണ്ടത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ്. കമ്മിഷന്‍ നിരീക്ഷണങ്ങളോടൊപ്പമാകും സി.എ.ജി റിപ്പോര്‍ട്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."