മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക വേളയില്‍ മന്ത്രിമാരുടെയും വകുപ്പുകളുടെയും രണ്ടാം പ്രോഗ്രസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കിടുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേകം തയാറാക്കിയ ഫോം മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിമാര്‍ക്കു നല്‍കി. വകുപ്പുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
വകുപ്പുകള്‍ ഇതുവരെ നടപ്പാക്കിയതും നടപ്പാക്കുന്നതും ഏതെല്ലാം പദ്ധതികള്‍, അവയുടെ പുരോഗതി, ഫണ്ടുകള്‍ എത്ര വിനിയോഗിച്ചു എന്നിവയാണ് ഫോമിലെ പ്രധാന ചോദ്യങ്ങള്‍. കൂടാതെ ഏതെങ്കിലും പദ്ധതികള്‍ക്കു തടസം ഉണ്ടായിട്ടുണ്ടോ, എങ്കില്‍ അതിന്റെ കാരണങ്ങള്‍ തുടങ്ങിയ ചോദ്യങ്ങളുമുണ്ട്.
വരുംവര്‍ഷങ്ങളിലേക്ക് ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ കാലാവധിയും പ്രത്യേകം രേഖപ്പെടുത്തണം. മലയാളത്തിലുള്ള ചോദ്യങ്ങള്‍ പ്രിന്റ് ചെയ്താണ് മന്ത്രിമാരുടെ ഓഫിസുകള്‍ക്കു നല്‍കിയത്.
മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിലും ഇതുപോലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് മന്ത്രിമാരില്‍നിന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ചില വകുപ്പുകള്‍ക്കെതിരേ മുന്നണിക്കകത്തുനിന്നും ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്കകത്ത് നിന്നുമൊക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്കും അവ കൈകാര്യം ചെയുന്ന മന്ത്രിമാര്‍ക്കുമെതിരേ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ധനമന്ത്രി തോമസ് ഐസക്കിനെതിരേ പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും വിമര്‍ശനമുയരുന്നുണ്ട്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ശരിയായ വിലയിരുത്തലില്ലാതെ ഐസക് തുടക്കത്തില്‍ തന്നെ ജി.എസ്.ടിയെ പിന്തുണച്ചതുമൊക്കെയാണ് വിമര്‍ശനത്തിനു കാരണം. ഐസക് ആദ്യം പറഞ്ഞതിനു വിപരീതമായി ജി.എസ്.ടി സംസ്ഥാനത്തിനു ദോഷകരമായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തല്‍ മുന്നണിക്കകത്തുണ്ട്.
റവന്യൂ വകുപ്പിനെതിരേ മന്ത്രിയുടെ പാര്‍ട്ടിയായ സി.പി.ഐക്കുള്ളില്‍നിന്നു വിമര്‍ശനമുയരുന്നുണ്ട്. പൊതുസമൂഹത്തില്‍നിന്നും പ്രതിപക്ഷത്തുനിന്നും ഏറ്റവുമധികം വിമര്‍ശനമേറ്റുവാങ്ങിയത് ആഭ്യന്തര വകുപ്പാണ്. എന്നാല്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ഈ വകുപ്പിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എപ്രകാരമായിരിക്കുമെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."