ഡോക്ടറുടെ മരണം: ആര്‍.സി.സിയില്‍ ചികിത്സാ പിഴവുണ്ടായില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെ വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രിയിലെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സയില്‍ പിഴവോ നീതി നിഷേധമോ ഉണ്ടായിട്ടില്ലെന്നും രോഗി എന്നതിനൊപ്പം ഡോക്ടര്‍ എന്ന പരിഗണനയും നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍.സി.സി അഡീഷനല്‍ ഡയറക്ടര്‍ ഡോ. രാംദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രജനീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്കും ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും കൈമാറി. എന്നാല്‍ ആര്‍.സി.സിയെ കുറിച്ചുയര്‍ന്ന പരാതിയില്‍ ആശുപത്രിക്കുള്ളിലുള്ളവര്‍ തന്നെ അന്വേഷണം നടത്തിയത് പ്രഹസനമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡോക്ടറുടെ ഭര്‍ത്താവ് ഡോ.റെജി ജേക്കബ് പ്രതികരിച്ചു.
സ്പ്‌ളീനില്‍ ലിംഫോമ ബാധിച്ച് ചികിത്സക്കെത്തിയ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്നും ഭേദമാകാനുള്ള സാധ്യത കുറവാണെന്ന് കൃത്യമായി ബോധിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സ സംബന്ധിച്ച വിശദാംശങ്ങള്‍ അതത് സമയങ്ങളില്‍ രോഗിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. വയര്‍ തുറന്നു ശസ്ത്രക്രിയ നടത്തിയ സാഹചര്യവും വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് 18നാണ് ഡോ.റെജി ജേക്കബിന്റെ ഭാര്യ ഡോ. മേരി റെജി ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവ് കൊണ്ടാണ് ഭാര്യ മരിച്ചതെന്ന് ഡോ. റെജി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ആര്‍.സി.സിയില്‍ നടത്തിയ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്നായിരുന്നു ആരോപണം. ഇതിനു പുറമേ ഡോക്ടര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും ആരോപണമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.സി.സി ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."