ക്ഷേത്രോത്സവത്തിന് വാഹനം തടഞ്ഞ് പണപ്പിരിവ്; തടയാനെത്തിയ പൊലിസിനെ ബന്ദിയാക്കി
ഏച്ചൂര്‍: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ബന്ധപിരിവ് നടത്തുന്നുണ്ടെന്ന പരാതിയില്‍ അന്വേഷണം നടത്താനെത്തിയ എ.എസ്.ഐയെയും സംഘത്തെയും ബന്ദിയാക്കിയ സംഭവത്തില്‍ അന്‍പതോളം പേര്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഏച്ചൂരിലെ മുത്തപ്പന് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞ് പിരിവ് നടത്തിയതിന് ഏതാനും പേരെ ചക്കരക്കല്‍ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് ഇവരെ വിട്ടയച്ചിരുന്നു. എന്നാല്‍ പൊലിസ് വിട്ടയച്ചവര്‍ തന്നെ പിന്നീട് വീണ്ടും വാഹനങ്ങളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയതായി പരാതി ഉയര്‍ന്നു. തുടര്‍ന്നാണ് ചക്കരക്കല്‍ എ.എസ്.ഐ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തിയത്.
അതിനിടെ പൊലിസ് സംഘത്തെ പ്രദേശത്ത് സംഘടിച്ചെത്തിയവര്‍ ബന്ദിയാക്കുകയായിരുന്നു. പൊലിസുദ്യോഗസ്ഥരെ പോകാനനുവദിക്കാതെ തടഞ്ഞുവച്ചതോടെ സിറ്റി സി.ഐ കെ.വി പ്രമോദ്, ചക്കരക്കല്‍ എസ്.ഐ പി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് എ.എസ്.ഐയേയും പൊലിസുകാരെയും മോചിപ്പിച്ചത്. തുടര്‍ന്ന് പൊലിസിന്റെ കൃതൃനിര്‍വഹണം തടസപ്പെടുത്തിയതിന് അന്‍പതോളം പേര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."