അങ്കണവാടി തൊഴിലാളികളുടെ വര്‍ധിപ്പിച്ച അലവന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി
ആലപ്പുഴ: അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച അലവന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 59 ാം നമ്പര്‍ അങ്കണവാടിയുടെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിപ്പിച്ച അലവന്‍സ് തുക ഉടന്‍ നല്‍കും. ഇതിന്റെ ബാധ്യത പഞ്ചായത്തുകളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. വരുന്ന ബജറ്റില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കും.
ആശാ വര്‍ക്കര്‍മാരുടെ കാര്യത്തിലും പടിപടിയായി വര്‍ധന പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. യൂണിയനുകളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. എങ്കിലും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കും.
ഈ വര്‍ഷം കടം വാങ്ങുന്ന തുക മുഴുവന്‍ ശമ്പളവും പെന്‍ഷനും കൊടുത്തുതീര്‍ക്കുന്നതിന് നല്‍കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴക്കാര്‍ക്ക് കുടിവെള്ള പദ്ധതിയിലെ വെള്ളം ഓണത്തോടെ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ആധ്യക്ഷ്യം വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീനാ സനല്‍കുമാര്‍, കലവൂര്‍ എന്‍. ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി. ശ്രീഹരി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ശശിധരന്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എസ്. നവാസ്, വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം.എസ്. സന്തോഷ്, സ്വപ്ന സലീം, സുഭദ്രാ ബാബു, എം.സി. സതീശന്‍, അംഗനവാടി വര്‍ക്കര്‍ കെ.പി. സുനിത എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."