ശുദ്ധമായ പാലുല്‍പാദനത്തിന് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കണം: മന്ത്രി കെ രാജു
കൊച്ചി: ശുദ്ധമായ പാലുല്‍പാദനത്തിനായി കന്നുകാലികളുടെ എണ്ണം കൂട്ടണമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പറവൂരില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരസംഗമം 2018ല്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ ജില്ലകളിലും പാലുല്‍പാദനം ഗണ്യമായി വര്‍ധിച്ചു. ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് നമ്മുടെ ലക്ഷ്യം. അതിനാവശ്യമായ പദ്ധതികള്‍ മില്‍മയുമായി കൂടിച്ചേര്‍ന്ന് തീരുമാനിക്കും.
പാലിന്റെ ശേഖരണത്തിലും വിതരണത്തിലും മാത്രം മില്‍മയുടെ പ്രവര്‍ത്തനം ഒതുക്കാതെ പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും ഇന്ത്യക്ക് അകത്തും പുറത്തുമായി നടത്തി ലാഭമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ തുക 1100 ആക്കി വര്‍ധിപ്പിച്ചു. എറണാകുളം ജില്ലയില്‍ മാത്രം എണ്ണായിരത്തോളം കര്‍ഷകര്‍ക്കാണ് ക്ഷീര കര്‍ഷക പെന്‍ഷന്‍ നല്‍കുന്നത്. ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തെരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കും. കൂടാതെ അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയായ ഡയറി സോണില്‍ കേരളത്തിലെ 50 ബ്ലോക്കുകള്‍ക്കായി ഓരോ വര്‍ഷം 50 ലക്ഷം രൂപ വീതവും നല്‍കും.
ക്ഷീര സംഗമത്തിന്റെ ഭാഗമായി മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി. എറണാകുളം ജില്ലയിലെ ഏറ്റവും നല്ല ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രീന്‍ലാന്‍ഡ് ഫാം ഉടമ ജോജോ ആന്റണി സ്വന്തമാക്കി.
മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയത് കൂവപ്പടി ബ്ലോക്കിലെ തന്നെ അന്നമ്മ പത്രോസ് ആണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മികച്ച കര്‍ഷകനായത് കൂവപ്പടി ബ്ലോക്കില്‍ നിന്നു തന്നെയുള്ള ടി.എ. രാജുവാണ്. ക്ഷീര സംഗമത്തിന്റെ ഭാഗമായി നടത്തിയ മറ്റു മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."