പൊലിസ് നിരുത്തരവാദപരമായി പെരുമാറുന്നു: വനിതാ കമ്മിഷന്‍
കാസര്‍കോട്: പൊലിസ് കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ജില്ലയില്‍ പല കേസുകളും പരിഗണിക്കാന്‍ കഴിയുന്നില്ലെന്ന് വനിതാ കമ്മിഷന്‍. സംസ്ഥാനത്ത് മറ്റു ജില്ലകളില്‍നിന്നു വ്യത്യസ്തമായി കാസര്‍കോട് ജില്ലയില്‍ പൊലിസ് എതിര്‍കക്ഷികളായുംമറ്റും വരുന്ന കേസുകള്‍ കൂടുതലാണ്. ഇതില്‍ റിപ്പോര്‍ട്ട് തേടുന്ന പല കേസുകളിലും പൊലിസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. കൃത്യസമയത്ത് റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നു മാത്രമല്ല ഹാജരാകുന്നുമില്ല. ഇത് വനിതാ കമ്മിഷന്‍ ഗൗരവമായാണ് പരിഗണിക്കുന്നതെന്നു കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതു കാരണം നാലു കേസുകള്‍ ഇന്നലെ തുടര്‍നടപടികള്‍ക്കായി പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഇതു നല്ല പ്രവണതയല്ല. സ്ത്രീപക്ഷ സൗഹൃദ സംസ്ഥാനമാണ് കേരളം. സ്ത്രീകള്‍ക്കു നീതി ലഭിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരും വനിത കമ്മിഷനും പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ പരാതിയില്‍ പൊലിസ് കൃത്യമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ ബാധ്യസ്ഥരാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ജില്ലയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ നടത്തിയ മെഗാഅദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 58 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 12 പരാതികളില്‍ പൊലിസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി.
നാലു പരാതികളില്‍ ആര്‍.ഡി.ഒയോട് റിപ്പോര്‍ട്ട് തേടി. 13 പരാതികള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കും. ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി.പി ശ്യാമളദേവി, അഡ്വ.കെ.ജി ബീന, വനിതാ സെല്‍ എസ്.ഐ എം.ജെ എല്‍സമ്മ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിച്ചു.
ഭൂരിപക്ഷം കേസുകളും സമ്പത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നുവെന്ന് വനിതകമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. സഹോദരങ്ങള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും നാട്ടുകാര്‍ തമ്മിലുമെല്ലാം സമ്പത്തിന്റെ പേരിലാണ് തര്‍ക്കങ്ങളെന്ന് അവര്‍ പറഞ്ഞു. സമ്പത്തിനെ ആശ്രയിച്ചായിരിക്കുന്നു പലരുടെയും ജീവിതം. നല്ല വിദ്യാഭ്യാസമുണ്ട്. നല്ല ജോലിയുണ്ട്. എന്നാല്‍ പലര്‍ക്കും നല്ല ജീവിതമില്ലെന്നും കമ്മിഷന്‍ വിലയിരുത്തി.
തന്നെയും ഭര്‍ത്താവിനെയും ജീവിക്കാന്‍ അനുവദിക്കാത്തവിധം ഭര്‍തൃപിതാവ് മാനസികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി ആയുര്‍വേദ ഡോക്ടര്‍ വനിതാ കമ്മിഷനു മുന്നിലെത്തി. മാത്രമല്ല തങ്ങളെ ഇരുവരെയും വീട്ടില്‍നിന്നു പുറത്താക്കിയെന്നും വസ്ത്രങ്ങള്‍ എടുക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്നും ഭര്‍ത്താവിനൊപ്പമെത്തിയ യുവതി വ്യക്തമാക്കി.
പരാതിയില്‍ മൂന്നു ദിവസത്തിനകം ഇവരുടെ വസ്ത്രങ്ങളും പുസ്തകങ്ങളും എടുക്കാന്‍ അനുവദിക്കണമെന്ന് ടെലഫോണിലൂടെ കമ്മിഷന്‍ ഭര്‍തൃപിതാവിനു നിര്‍ദേശം നല്‍കി. മാത്രമല്ല അടുത്ത അദാലത്തില്‍ കമ്മിഷനുമുന്നില്‍ നേരിട്ടുഹാജരാകുവാനും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകളുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയില്‍ സ്ത്രീയാണെന്ന വ്യാജേന നുഴഞ്ഞുകയറിയ കേസിലെ പ്രതിയും ഇയാളുടെ സുഹൃത്തും സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി തന്റെ വിവാഹാലോചനകള്‍ മുടക്കുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ സൈബര്‍ സെല്‍ എസ്.ഐയോട് ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറുവാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.
ചെറുമകന്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനുണ്ടെന്ന് പറഞ്ഞു തന്നെയും മക്കളെയും വീടുകയറി ആക്രമിച്ചുവെന്ന 85കാരിയായ മറിയുമ്മയുടെ പരാതിയില്‍ 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ പൊലിസിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. തീരെ അവശയായ മറിയുമ്മയുടെ വാഹനത്തിനടുത്തെത്തിയാണ് കമ്മിഷന്‍ പരാതി കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."