കര്‍ണാടക തെരഞ്ഞെടുപ്പ്: ലിംഗായത്തുകളെ വശത്താക്കാന്‍ ബി.ജെ.പിയും രംഗത്ത്
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ലിംഗായത്തുകളെ വശത്താക്കാന്‍ കോണ്‍ഗ്രസിന് പിന്നാലെ ബി.ജെ.പിയും നീക്കം തുടങ്ങി. എല്ലാകാലവും ബി.ജെ.പിക്കൊപ്പം നിന്ന ലിംഗായത്ത്-വീരശൈവ വിഭാഗങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായ നീക്കം നടത്തുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ബി.ജെ.പി പുതിയ നീക്കം തുടങ്ങിയത്.
12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ബസവേശ്വരയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ലിംഗായത്ത്-വീരശൈവ വിഭാഗക്കാരെ വശത്താക്കാന്‍ ലണ്ടനില്‍ തെംസ് നദിക്കരയില്‍ സ്ഥാപിച്ച പ്രതിമയില്‍ പ്രധാനമന്ത്രി മോദി ഹാരാര്‍പ്പണം നടത്തിയ സംഭവം തെരഞ്ഞെടുപ്പ് കര്‍ണാടകയില്‍ നിന്ന് വിട്ട് ഇംഗ്ലണ്ട് വരെ നീണ്ടുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
അതിനിടയില്‍ ബി.ജെ.പി നേതാക്കളുടെ അപക്വമായ ചില പരാമര്‍ശങ്ങള്‍ അവര്‍ക്കുതന്നെ വിനയാകുകയാണ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ബസവേശ്വരയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്താനുള്ള അവകാശമില്ലെന്നും അതിന് അവസരം നല്‍കില്ലെന്നുമുള്ള ചിക്മംഗളൂരു എം.പി ശോഭ കരന്തലജെയുടെ പരാമര്‍ശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോണ്‍ഗ്രസിന് വോട്ടുനേടാന്‍ സിദ്ധരാമയ്യ ലിംഗായത്തുകളെയും വീരശൈവരേയും ഭിന്നിപ്പിച്ചുവെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. സിദ്ധരാമയ്യ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുന്നതില്‍ നിന്ന് വിലക്കാന്‍ ലിംഗായത്തുകളും വീരശൈവരും തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബസവേശ്വര ബി.ജെ.പിയുടെ സ്വന്തമല്ലെന്ന് ശോഭ കരന്തലജെ തിരിച്ചറിയണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
അതേസമയം ബി.ജെ.പിയുടെ നീക്കം അവര്‍ ഉദ്ദേശിച്ച രീതിയില്‍ ആകില്ലെന്നാണ് ലിംഗായത്തുകള്‍ പോലും നല്‍കുന്ന സൂചന. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണച്ചുപോന്നിരുന്ന ലിംഗായത്ത്-വീരശൈവ സമുദായത്തെ അവരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന മതന്യൂനപക്ഷ പദവി നല്‍കി സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചിരുന്നു. ഈ രാഷ്ട്രീയ അടവുനയം ലിംഗായത്തിനുമേല്‍ ബി.ജെ.പിക്കുണ്ടായിരുന്ന മേല്‍കൈ നഷ്ടമാക്കി. ലിംഗായത്ത് സമുദായാംഗമായ യദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും അനുവദിക്കാത്തതാണ് സിദ്ധരാമയ്യ അംഗീകരിച്ചത്. കോണ്‍ഗ്രസിന്റെ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഈ സമുദായത്തില്‍ നിന്ന് അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ഇതുവരെ ബി.ജെ.പിക്കായിട്ടില്ല. ലിംഗായത്തുകളെ സ്വാധീനിക്കാന്‍ ഇവരുടെ മഠങ്ങളില്‍ അമിത്ഷായും കൂട്ടരും മാറിമാറി സന്ദര്‍ശിക്കുകയാണ്. ഇന്നലെ ബസവേശ്വര പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയാണ് അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.
അതേസമയം ബസവേശ്വര ജയന്ത്രിയോടനുബന്ധിച്ച് ഇന്നലെ രാവിലെ ബംഗളൂരുവില്‍ ബസവേശ്വര പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ ഒരു വിഭാഗം ലിംഗായത്ത് സമുദായക്കാര്‍ പ്രതിഷേധിച്ചു. ലിംഗായത്ത് സമുദായത്തിന് മതപദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് ഇവരെ പ്രകോപിതരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."