ഇന്ത്യന്‍ വിസാ നിയമത്തിലെ പരിഷ്‌കരണം ടൂറിസത്തിന് തിരിച്ചടിയാകുന്നു
റിയാദ്: ഇന്ത്യന്‍ വിസ ലഭിക്കാന്‍ വിരലടയാളം നിര്‍ബന്ധമാക്കിയതു ടൂറിസത്തിന് കനത്ത തിരിച്ചടിയാകുന്നു. സഊദി പൗരന്മാരില്‍ പലരും ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കി മറ്റു രാജ്യങ്ങളിലേക്ക് പോകുകയാണ്. കഴിഞ്ഞ ജൂണ്‍ ഒന്നു മുതലാണ് പുതിയ നിയമം നിര്‍ബന്ധമാക്കിയത്. വിസയ്ക്ക് അപേക്ഷിക്കുന്നതിനുമുന്‍പ് വി.എസ്.എഫ് ശാഖയില്‍ പോയി വിരലടയാളം എടുക്കണമെന്നാണു വ്യവസ്ഥ. നിലവില്‍ സഊദിയില്‍ റിയാദ് എംബസിയില്‍ മാത്രമാണ് ഇതിനുള്ള സംവിധാനമുള്ളത്.
റിയാദ് വരെ പോയി വിരലടയാളം എടുക്കുന്നതിലെ പ്രശ്‌നമാണ് പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണം. കേരളത്തിലെ മണ്‍സൂണ്‍കാല ടൂറിസത്തെയാണു പുതിയ നിയമം കൂടുതലായും ബാധിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷങ്ങളിലൊക്കെ പതിനായിരക്കണക്കിന് സഊദി പൗരന്മാരാണ് കേരളത്തിലെത്തിയത്. കേരളത്തില്‍ മണ്‍സൂണ്‍ ടൂറിസം ആരംഭിക്കുന്ന ജൂണ്‍ മുതല്‍ സഊദിയില്‍ വേനലവധിയായതിനാലാണ് ഇവരുടെ ഒഴുക്ക് കൂടുന്നതിന് കാരണമാകുന്നത്.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുമരകം, മൂന്നാര്‍, കോവളം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവര്‍ കൂടുതലായും എത്താറുള്ളത്.
മറ്റ് പല രാജ്യങ്ങളിലും വിരലടയാളം നിര്‍ബന്ധമാണെങ്കിലും വിമാനത്താവളത്തില്‍ വച്ചാണ് എടുക്കാറുള്ളത്. ഇത്തരം സംവിധാനം ഇന്ത്യയിലും നടപ്പാക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."