തേക്കനാല്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി
കാഞ്ഞിരപ്പള്ളി : മണിമല ഗ്രാമപഞ്ചായത്തില്‍ 15 -ാം വാര്‍ഡിലെ കാവുംഭാഗം - അമ്പലംഭാഗം പ്രദേശത്തെ തേക്കനാല്‍ കുന്നിന്‍മുകളില്‍ താമസിക്കുന്ന 25 ഓളം കുടുംബങ്ങള്‍ കാലങ്ങളായി അനുഭവിച്ചിരുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി. കോട്ടയം ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തേക്കനാല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
പദ്ധതിയിലൂടെ എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പ് കണക്ഷന്‍വഴി വീടുകളില്‍ ജലമെത്തിത്തുടങ്ങി. കാര്യമായ വഴി സൗകര്യം പോലുമില്ലാത്ത ഈ പ്രദേശത്ത് അസൗകര്യങ്ങളുടെ നടുവിലാണ് നിരവധി കുടുംബങ്ങള്‍ കഴിയുന്നത്.
മിക്ക കുടുംബങ്ങള്‍ക്കും സ്വന്തമായി കിണര്‍പോലുമില്ല. വേനല്‍ക്കാലത്ത് ഏകദേശം നാല് മാസം ഒന്നരകിലോമീറ്റര്‍ അകലെ മണിലയാറില്‍ നിന്നും തലച്ചുമടായാണ് വെള്ളം ശേഖരിച്ചിരുന്നത്.
ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമേകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്‍കൈ എടുത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് മണിമല - കോട്ടാങ്ങല്‍ റോഡ് സൈഡില്‍ കുഴല്‍കിണര്‍ കുത്തി വിജയന്‍ പുരത്തറമാക്കല്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പമ്പ്ഹൗസും മോട്ടറും സ്ഥാപിച്ച് ബെന്നിച്ചന്‍ തേക്കനാല്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് ടാങ്കും സ്ഥാപിച്ചാണ് ഭൂജലവകുപ്പ് മുഖേനെ കുടിവെള്ളപദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ജോണി കുളങ്ങര സ്വാഗതം ആശംസിക്കുകയും ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഗുണഭോത്കൃതസമിതി ഭാരവാഹികളായ തോമാച്ചന്‍ ചെറിയനോലിക്കല്‍, റോയി തേക്കനാല്‍, അജി പുരത്തറമാക്കല്‍, ഉഷാ വിജയന്‍, ആന്റണി കാപ്പിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."