സ്ഥിര യാത്രക്കാരിയുടെ ആഗ്രഹം വൈറലായി: ഈരാറ്റുപേട്ടയില്‍ നിന്ന് കൊണ്ടുപോയ 'പ്രിയപ്പെട്ട ബസ് ' തിരികെയെത്തിച്ചു
ഈരാറ്റുപേട്ട: യാത്രക്കാരിയുടെ പരാതി വൈറലായതോടെ ഈരാറ്റുപേട്ട കെഎസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും ആലുവായിലേക്കും അവിടെ നിന്നും കണ്ണൂര്‍ക്കും കൊണ്ടുപോയ ഈരാറ്റുപേട്ട ഡിപ്പോയുടെ ആര്.എസ്.സി 140 എന്ന ബസ് ഡിപ്പോയില്‍ ഇന്നലെതിരികെ കൊണ്ടുവന്നു.
ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ബസിന് സ്വീകരണവും നല്കി. ബസിന്റെ കണ്ടക്ടര്‍ സമീറിന്റെയും എ.ടി.ഒ.ജോണ്‍സന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കെ.എസ്.ആര്.ടി.സി അധികൃതരുമായുള്ള യാത്രക്കാരിയുടെ ഫോണ്‍ സംഭാഷണം വൈറലായതോടെ കോര്പറേഷന് എം.ഡി ടോമിന് ജെ. തച്ചങ്കരി ഇടപെട്ടാണ് ബസ് തിരികെയെത്തിച്ചത്.
ഒരാഴ്ച മുന്‍പാണ് ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറിയത്. ബസിലെ സ്ഥിരം യാത്രക്കാരി പേരു വെളിപ്പെടുത്താതെ ആലുവ ഡിപ്പോ അധികൃതരെ ഫോണില്‍ വിളിച്ച് ബസ് കൊണ്ടുപോയതിനെതിരെ സംസാരിച്ചിരുന്നു. ഈരാറ്റുപേട്ട-കൈപ്പള്ളി, ഈരാറ്റുപേട്ട-കോട്ടയം-കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തിയ ബസാണിത്.
ബസ് ആലുവയിലേക്കു മാറ്റിയതായി കണ്ടക്ടര്‍ സമീര്‍ ഈരാറ്റുപേട്ടയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. തുടര്‍ന്നാണ് യുവതി ആലുവ ഡിപ്പോയിലേക്കു ഫോണ്‍ ചെയ്യുന്നത്. ബസ് കൊണ്ടുപോയതു ശരിയായില്ലെന്ന യുവതിയുടെ നിലപാട് ചര്‍ച്ചയായി. ''ബസ് ഞങ്ങളുടെ ജീവനാണ്. ഇതു തിരിച്ചുകൊണ്ടുവരാന്‍ പരാതി നല്‍കും'' എന്നാണ് യുവതി അധികൃതരോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."