കാഡ്‌സ് ഗ്രീന്‍ ഫെസ്റ്റ് 2018 ന് നാളെ തുടക്കം
തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാഡ്‌സ് ഗ്രീന്‍ഫെസ്റ്റ്-2018ന് 20 ന് വൈകിട്ട് നാലിന് തിരിതിളിയുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേള അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും. കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുന്‍ വര്‍ഷങ്ങളിലെ ജൈവശ്രീ അവാര്‍ഡുജേതാക്കളെ പ്രതിനിധീകരിച്ച് ലൂക്കാച്ചന്‍ തോട്ടുപാട്ട്, ദിവാകരന്‍ ഉപ്പുകുന്ന്, പി ജി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിക്കും. ചക്ക-മാമ്പഴമേള ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി കാഡ്‌സ് ഓപ്പണ്‍മാര്‍ക്കറ്റില്‍ നിന്നും കാര്‍ഷികഘോഷയാത്ര മേളനഗറില്‍ എത്തും. എല്ലാവര്‍ഷവും മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ച് നടത്തിവരുന്ന ഗ്രീന്‍ഫെസ്റ്റിന്റെ ഭാഗമായി വിത്തുമഹോത്സവം, ചക്കയുത്സവം, മാമ്പഴമേള, കപ്പഫെസ്റ്റ് എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. വിത്ത് മഹോത്സവത്തില്‍ നാടന്‍ വിത്തുകള്‍, സങ്കരയിനം ഹൈബ്രിഡ് വിത്തുകള്‍ എന്നിവ വിവിധ വിഭാഗങ്ങളിലായി ഉണ്ടാകും. കാര്‍ഷിക യൂണിവേഴ്‌സിറ്റിയും നാളികേരവികസന ബോര്‍ഡുമാണ് മേളയില്‍ ഹൈബ്രീഡ് സങ്കരയിനം വിത്തുകള്‍ എത്തിക്കുന്നത്.
ചക്കയുത്സവത്തിന്റെ ഭാഗമായി വിവിധയിനം ചക്കകളുടെ പ്രദര്‍ശനം, ഭീമന്‍ചക്ക, തേന്‍വരിക്കരാജന്‍ എന്നിവയുടെ മത്സരവും, 50ല്‍പരം ചക്കഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും പ്ലാവിന്‍തൈകളുടെ വന്‍ശേഖരവും, ചക്ക ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. ചക്കയുയര്‍ത്തല്‍ മത്സരം, കൂഴച്ചക്കപ്പഴം തീറ്റമത്സരം തുടങ്ങിയ ആകര്‍ഷക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മാമ്പഴമേളയില്‍ 12 ഇനം മാമ്പഴങ്ങളാണ് വിഷരഹിതമായി പഴുപ്പിച്ച് വിതരണത്തിന് തയ്യാറായിട്ടുള്ളത്.
കുട്ടികള്‍ക്കുള്ള വിവിധ സാഹിത്യ മത്സരങ്ങള്‍ക്കൊപ്പം എല്ലാദിവസവും വൈകിട്ട് ആറുമുതല്‍ മത്സരാധിഷ്ഠിത കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മിമിക്‌സ് പരേഡ്, കൃഷിപ്പാട്ടുകള്‍, മാജിക് ഷോ, നാടന്‍ പാട്ടുകള്‍, കരാട്ടെ പ്രദര്‍ശനം, ട്രെയിന്‍ഡ് ഡോഗ്‌ഷോ എന്നിവയാണ് ഇനങ്ങള്‍.
ഗ്രീന്‍ഫെസ്റ്റിന്റെ പ്രദര്‍ശനസമയം രാവിലെ 9 മുതല്‍ രാത്രി 8.30 വരെയായിരിക്കും. പ്രവേശനപാസ് 20 രൂപ. 10 വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രദര്‍ശനം സൗജന്യമാണ്. തൈകളും വിത്തുകളും വാങ്ങേണ്ടവര്‍ക്കായി പ്രവേശന പാസിനൊപ്പം തുടര്‍സന്ദര്‍ശത്തിനായി സൗജന്യ പര്‍ച്ചേയ്‌സ് കൂപ്പണ്‍ നല്‍കുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ തൊടുപുഴ നഗരസഭ വൈസ് വൈസ് ചെയര്‍മാന്‍ ടി കെ സുധാാകരന്‍, കാദഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍, സെക്രട്ടറി കെ വി ജോസ്, കെ എം ജോസ്, എം ഡി ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."