പേരാമ്പ്രയില്‍ വ്യാപക അക്രമം
പേരാമ്പ്ര: സി.പി.എമ്മും തീവ്രഹിന്ദുത്വ സംഘടനയായ ശിവജി സേവാസമിതിയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ ഇന്നലെയും വ്യാപക അക്രമം. ചൊവ്വാഴ്ച അര്‍ധരാത്രി നാലു വീടുകള്‍ക്കു നേരെയാണ് ബോംബേറുണ്ടായത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി യു.സി ഹനീഫയുടെ ഉണ്ണിക്കുന്ന് ചാലിലെ വീട്, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി കല്ലോട്ടെ പാവട്ട്‌വയല്‍ ശ്രീകലയില്‍ സിദ്ധാര്‍ത്ഥ്, കല്ലോട്ടെ ശിവജിസേവ പ്രവര്‍ത്തകന്‍ പടിഞ്ഞാറയില്‍ സുമേഷ്, ചേനോളി അമ്പാളിത്താഴയിലെ പാറക്കുതാഴ കൊല്ലിയില്‍ കല്യാണി എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ബോംബേറുണ്ടായത്.
ഹനീഫയുടെ വീടിന്റെ വാതിലും ജനല്‍ച്ചില്ലുകളും ടൈല്‍സുകളും തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ 12.40ഓടെയാണ് ഇവിടെ വീടിനുനേരെ അക്രമമുണ്ടായത്. സിദ്ധാര്‍ത്ഥിന്റെ വീടിന്റെ വാതിലുകളും മുന്‍വശത്തെ മൂന്ന് വാതിലോട് കൂടിയ ജനലും പൂര്‍ണമായും തകര്‍ന്നു. സ്റ്റീല്‍ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ മൂവര്‍ സംഘമാണ് അക്രമം നടത്തിയതെന്നും അവരെ താന്‍ കണ്ടതായും സിദ്ധാര്‍ത്ഥ് പറഞ്ഞു.
കല്ലോട് വയങ്ങോട്ടുമ്മല്‍ ക്ഷേത്രത്തിനു സമീപം പടിഞ്ഞാറയില്‍ നാരായണന്റെ വീടിന്റെ ചുമര്‍ ബോംബേറില്‍ തകര്‍ന്നു. സ്‌ഫോടനശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ പുറത്ത് കടലാസില്‍ നാടന്‍ ബോംബുവച്ച് തീകൊടുത്ത നിലയിലായിരുന്നു. വാതില്‍ തുറക്കുന്ന നേരത്ത് സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പേപ്പറിലെ തീയണഞ്ഞതിനാല്‍ ബോംബ് പൊട്ടിയില്ല.
പേരാമ്പ്ര പൊലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പൊട്ടാത്ത നാടന്‍ബോംബ് കസ്റ്റഡിയിലെടുത്തു. എട്ടോളം പേര്‍ സംഘത്തിലുണ്ടായിരുന്നതായും പുലര്‍ച്ചെ നാലരയോടെയാണ് സംഭവമെന്നും നാരായണന്റെ ഭാര്യ സുമതി പറഞ്ഞു.
നാരായണന്റെ മകന്‍ സുമേഷ് ശിവജിസേവ സമിതി പ്രവര്‍ത്തകനാണ്. തളര്‍ന്നു കിടക്കുന്ന 86കാരിയായ ചേനോളി പാറക്കുതാഴെ കുനിയില്‍ കല്യാണിയുടെ വീടിനു നേരെ ആക്രമണം നടക്കുന്നത് രാത്രി പതിനൊന്നിനാണ്. കല്യാണിയും മകന്റെ ഭാര്യയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
നാല്‍വര്‍ സംഘം ഓടിപ്പോകുന്നത് വീട്ടുകാര്‍ കണ്ടതായും സംഘം റോഡില്‍ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും വീട്ടുകാര്‍ പറഞ്ഞു. കൂത്താളി മാമ്പള്ളിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ മജ്ഞുലാലിന്റെ വീടിനു സമീപം നിര്‍ത്തിയിട്ട ഇരുചക്രവാഹനം അഗ്‌നിക്കിരയായി.
കൈതക്കലില്‍ സംസ്ഥാന പാതയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കുനിയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള രുചി ഹോട്ടലിനു നേരെയും ആക്രമണമുണ്ടായി. രാജന്റെ മകന്‍ രാഹുല്‍ രാജിനെ കാര്‍ത്തിക ഹോട്ടല്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാണ്.
പേരാമ്പ്രയുടെ പരിസരങ്ങളില്‍ ഇന്നലെ രാത്രി സി.പി.എം സ്തൂപങ്ങളും കൊടികളും നശിപ്പിച്ചു. നൊച്ചാട് ചേനോളി കനാല്‍ പാലത്തിനു സമീപം സ്ഥാപിച്ച സ്തൂപമാണ് തകര്‍ക്കപ്പെട്ടത്. എരവട്ടൂരില്‍ സി.പി.എം പതാക തീയിട്ട് നശിപ്പിച്ച നിലയിലും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."