സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തിയില്ല
മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താതെ ആരോഗ്യവകുപ്പ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകളാണ് കാലങ്ങളായി നികത്താത്തത്.
സ്‌പെഷാലിറ്റി വിഭാഗത്തില്‍ 28 ഒഴിവുകളും അസിസ്റ്റന്റ് സര്‍ജന്റെ 11 ഒഴിവുകളുമാണ് ജില്ലയില്‍ നിലവിലുള്ളത്. മറ്റു ജില്ലകളെ അപേക്ഷിച്ചു സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ കുറവില്‍ രണ്ടാമതാണ് ജില്ല. കണ്ണൂര്‍ ജില്ലയില്‍ 39 പേരുടെ ഒഴികളാണുള്ളത്. സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ അഭാവവും രോഗികളുടെ തിരക്കും ആശുപത്രികളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രോഗികള്‍ക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കഴിയുന്നില്ല.
ഒഴിവുകള്‍ നികത്താനുള്ള നടപടിയെടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് ഇഴഞ്ഞുനീങ്ങുകയാണ്. നിയമനവും ഉദ്യോഗക്കയറ്റവും ക്രമമായി നടത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. സ്‌പെഷാലിറ്റി തസ്തികയിലേക്കുള്ള ഒഴിവുകള്‍ സ്ഥാനക്കയറ്റം വഴി നികത്തുന്നതിനായി വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി ചേര്‍ന്നു നടപടികള്‍ തുടങ്ങിയതായും അധികൃതര്‍ പറയുന്നു.
ജനസംഖ്യ കൂടുതലുള്ളതിനാല്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന പരാതി നിലനില്‍ക്കേയാണ് ജില്ലയിലെ ഡോക്ടര്‍മാരുടെ കുറവുകളും നികത്താതെ കിടക്കുന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല.
നിലവിലെ ഒഴിവുകള്‍ നികത്തിയാല്‍പോലും രോഗികളുടെ ബുദ്ധിമുട്ടിനു പരിഹാരമാകില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്നതു കൂടിയിട്ടുണ്ട്. ഡിഫ്ത്തീരിയ, കോളറ, ടൈഫോയിഡ്, ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി, മലേറിയ എന്നീ അസുഖങ്ങള്‍ പടര്‍ന്നുപിടിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2014ല്‍ 135 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചെങ്കില്‍ 2017ല്‍ ഇത് 841 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി പടര്‍ന്നത് കഴിഞ്ഞ വര്‍ഷമാണ്. 2015ല്‍ 252, 2016ല്‍ 242 എന്നിങ്ങനെയായിരുന്നു രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം 31 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
111 പേര്‍ക്ക് മലേറിയ, 64 പേര്‍ക്ക് എച്ച്1 എന്‍1 എന്നിവ പിടികൂടി. 4.75 ലക്ഷം പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം ഒരു ദിവസം ശരാശരി ആയിരത്തോളം പേര്‍ വൈറല്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."