ലൈഫ് മിഷന്‍ പദ്ധതി: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പ്രായോഗികമല്ലെന്ന് നഗരസഭാ കൗണ്‍സില്‍
കാസര്‍കോട്: ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തെ ചൊല്ലി കാസര്‍കോട് നഗരസഭാ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച. മാര്‍ഗ നിര്‍ദേശങ്ങളില്‍ പലതും നടപ്പാക്കാന്‍ പറ്റാത്തവയാണെന്നും ഗ്രാമസഭ ചേര്‍ന്നു തീരുമാനിച്ച കാര്യങ്ങള്‍ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്നതാണെന്നുമാണ് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ആരോപിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രകാരം കാര്യങ്ങള്‍ നടത്തുക മാത്രമേ ഇപ്പോള്‍ നിര്‍വാഹമുള്ളൂവെന്ന് ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. ഏതായാലും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിക്കുന്ന വീടിന് 400 ചതുരശ്ര അടി വിസ്തൃതി മാത്രമേ പാടുള്ളൂവെന്ന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം ശരിയല്ലെന്നും കേരളത്തിന്റെ സാഹചര്യത്തില്‍ ഇത്രയും ചെറിയ വീടുകള്‍ നിര്‍മിച്ചു താമസിക്കുക ബുദ്ധിമുട്ടാണെന്നുമായിരുന്നു അംഗങ്ങളുടെ അഭിപ്രായം.
ലൈഫ് പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവ് അര്‍ഹനല്ലെന്നു കണ്ടെത്തിയാല്‍ നിര്‍വഹണ ഉദ്യോഗസ്ഥനു ധനസഹായം അനുവദിക്കാതിരിക്കാമെന്ന നിര്‍ദേശം ഗ്രാമസഭകളെ അട്ടിമറിക്കലാണെന്ന് ബി.ജെ.പിയിലെ രവീന്ദ്ര പൂജാരി പറഞ്ഞു.
ഗ്രാമസഭകളില്‍ അംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനം ഒരു ഉദ്യോഗസ്ഥന്‍ അട്ടിമറിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ഊഹിക്കാവുന്നതിലപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തിനെതിരേ കൗണ്‍സില്‍ അംഗങ്ങള്‍ മുഴുവന്‍ രംഗത്ത് വന്നു. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് വൈസ് ചെയര്‍മാന്‍ എല്‍.എ അബ്ദുല്ല പറഞ്ഞതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."