ഡി.ജി.പി മാരുടെ വിരമിക്കലിന് ഇനി സംസ്ഥാനതല വിടവാങ്ങല്‍ പരേഡ്
തൊടുപുഴ: ഡി.ജി.പി റാങ്ക് ഉദ്യോഗസ്ഥരുടെ മഹത്വം പൊലിസ് സേനയെ ഉദ്ബോധിപ്പിച്ച് പൊലിസ് മേധാവി ലോക്നാഥ് ബഹ്റയുടെ സര്‍ക്കുലര്‍. ഡി.ജി.പി റാങ്ക് പൊലിസ് വകുപ്പിലെ ഏറ്റവും ഉയര്‍ന്ന തസ്തികയാണെന്നും ഈ തസ്തികയില്‍ നിന്നും വിരമിക്കുമ്പോള്‍ അതിന്റെ പ്രതാപത്തിനും മാന്യതയ്ക്കും അനുയോജ്യമായ യാത്രയയപ്പ് നല്‍കണമെന്നും പൊലിസ് മേധാവി സേനാംഗങ്ങളെ ഓര്‍മിപ്പിക്കുന്നു.
ഡി.ജി.പി റാങ്ക് ഉദ്യോഗസ്ഥര്‍ വിരമിക്കുമ്പോള്‍ ഇനി സംസ്ഥാനതല വിടവാങ്ങല്‍ പരേഡ് സംഘടിപ്പിക്കണം. ആംഡ് ഫോഴ്സ് ബറ്റാലിയന് അഡീഷനല്‍ ഡി.ജി.പിക്കായിരിക്കും പരേഡ് സംഘടിപ്പിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം. വിരമിക്കുന്ന ഡി.ജി.പി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന് വിടവാങ്ങല്‍ പ്രസംഗം നടത്തും.
പരേഡില്‍ ചുരുങ്ങിയത് അഞ്ച് പ്ലാറ്റൂണുകള്‍ ഉണ്ടായിരിക്കണം. പരിപാടിയുടെ വേദി വിരമിക്കുന്ന ഡി.ജി.പി യുമായി ആലോചിച്ച് പൊലിസ് മേധാവി തീരുമാനിക്കും. ഇത് സംസ്ഥാനത്ത് എവിടേയുമാകാം. കാര്യപരിപാടികള്‍ ആംഡ് പൊലിസ് ബറ്റാലിയന് അഡീഷനല്‍ ഡി.ജി.പി തയാറാക്കി പൊലിസ് മേധാവിയുടെ അംഗീകാരം വാങ്ങണം. പരേഡ് ടീമിന് മതിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി ഉറപ്പുവരുത്തണം.
പരേഡ് നടക്കുന്ന പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന പൊലിസ് സൂപ്രണ്ടുമാര്‍ മുതല്‍ മുകളിലേയ്ക്കുള്ള എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. വിടവാങ്ങല്‍ പരേഡ് സംബന്ധിച്ച് മുഴുവന്‍ കാര്യപരിപാടികളും കുറഞ്ഞത് ഒരാഴ്ച മുന്‍പെങ്കിലും പൊലിസ് മേധാവിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. യാത്രയയപ്പ് ചടങ്ങ് വിരമിക്കുന്ന ഓഫിസറുടെ മികച്ച സംഭാവനകള്‍ അനുസ്മരിക്കാനുള്ള അവസരമാണെന്നും പൊലിസ് മേധാവി സര്‍ക്കുലറില്‍ ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."