മക്ക മസ്ജിദ് സ്ഫോടനക്കേസ്: അപ്പീല്‍ നല്‍കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: മക്ക മസ്ജിദ് സ്ഫോടനക്കേസ് പ്രതികളെ വെറുതേവിട്ടത് ഞെട്ടിപ്പിക്കുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേസില്‍ അപ്പീല്‍ നല്‍കാനും സുതാര്യവും സത്യസന്ധവുമായി വിചാരണ നടത്താനും എന്‍.ഐ.എയും സര്‍ക്കാരും തയാറാവണം. ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റസമ്മത മൊഴി അസിമാനന്ദ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയിട്ടും പ്രതികളെ വെറുതേവിട്ടത് ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മെല്ലെപ്പോക്കിന് നിര്ദേശമുണ്ടായെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ തുറന്നുപറച്ചിലും വിധി പ്രസ്താവിച്ചതിനുപിന്നാലെ ജഡ്ജി രാജിവച്ചതുമെല്ലാം അരുതാത്തത് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നു.
സ്ഫോടനം നടത്തിയത് സംഘപരിവാറായിരുന്നുവെന്ന് വ്യക്തമായതിന്റെ ജാള്യത മറക്കാന്‍ തുടക്കംമുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു.
കേന്ദ്രത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ വന്നശേഷമുള്ള എന്‍.ഐ.എയുടെ നീക്കങ്ങള്‍ ദുരൂഹമാണ്. എന്‍.ഐ.എയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."