ക്ലീന്‍ മഞ്ചേരി: അനധികൃത തെരുവുകച്ചവടങ്ങളും ലഹരി വിപണനവും തടയും
മഞ്ചേരി: ക്ലീന്‍ മഞ്ചേരി പദ്ധതിയുടെ ഭാഗമായി മഞ്ചേരി നഗരത്തിലെ അനധികൃത തെരുവുകച്ചവടങ്ങളും ലഹരി വിപണനവും തടയാന്‍ നഗരസഭ തീരുമാനം ശക്തമാക്കി. ഇന്നലെ നഗരസഭ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധി -ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ ആഴ്ചയോടെ നഗരത്തിലെ നടപ്പാതകളിലെ തെരുവുകച്ചവടക്കാരെ പൂര്‍ണമായും ഒഴിപ്പിക്കും.
മഞ്ചേരി -മലപ്പുറം റോഡ്, പാണ്ടിക്കാട് റോഡ് എന്നിവിടങ്ങളിലാണ് നഗരത്തിലെ തെരുവു കച്ചവടം ശക്തമായി നടക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ നേരത്തെ പൊലിസ് നടത്തിയ പലശ്രമങ്ങളും വിഫലമായതിനെ തുടര്‍ന്നാണ് നഗരസഭ നേരിട്ട് ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. റവന്യു -പൊലിസ് സഹായത്തോടെ തെരുവുകച്ചവടം നിയന്ത്രിക്കണമെന്നും നഗരത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇതു അനിവാര്യമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് നഗരത്തില്‍ അനധികൃത പാന്‍മസാല വിപണനം നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനും അത്തരം കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും തീരുമാനമായി. മഞ്ചേരി പഴയ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കിയ സാഹചര്യത്തിലാണ് തീരുമാനം.
ഇതരസംസ്ഥാന തൊഴിലാളികളും മറ്റും നഗരത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് വര്‍ധിച്ചിരിക്കുകയാണെന്നും ഇതു തടയുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെയും വിദ്യാര്‍ഥി ഹോസ്റ്റലുകളുടെയും ശുചിത്വം ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. നഗരത്തിലെ ഇത്തരം കെട്ടിടങ്ങള്‍ മിക്കതും വാസയോഗ്യമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നഗരസഭാ തീരുമാനം.
നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതുവരെ നഗരത്തിലെ 20ലേറെ അഴുക്കുചാലുകള്‍ വൃത്തിയാക്കി. നിരവധി കടകള്‍ക്കു നോട്ടീസ് നല്‍കി. ക്ലീന്‍ മഞ്ചേരി പദ്ധതി മെയ് 20നകം പൂര്‍ത്തിയാക്കി നഗരത്തിനു ശുചിത്വ പൂര്‍ണമായ മുഖം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് പറഞ്ഞു.
യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വല്ലാഞ്ചിറ മുഹമ്മദലി, സാബിറ കുരിക്കള്‍, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, തുറക്കല്‍ യാഷിക്ക്, ഉദ്യോഗസ്ഥ പ്രതിനിധികളായ റമീസ്, എക്‌സൈസ് വകുപ്പ് ഓഫിസര്‍ സനു, ഹെല്‍ത്ത് സുപ്രവൈസര്‍ മാധവന്‍, സൂപ്രണ്ട് ശ്രീകുമാര്‍, നഗരസഭ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."