തിയേറ്റര്‍ അവാര്‍ഡില്‍ മിന്നിത്തിളങ്ങി 'നൊണ'
കൊടുവള്ളി: ഇന്ത്യന്‍ നാടകത്തിന്റെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡില്‍ കോഴിക്കോട് കൊടുവള്ളി ബ്ലാക്ക് തിയേറ്ററിന്റെ 'നൊണ' മികച്ച നാടകമടക്കം നാല് അവാര്‍ഡുകള്‍ നേടി.
ഡല്‍ഹിയില്‍ നടന്ന നാടകാവതരണത്തില്‍ മികച്ച നാടകത്തിനുള്ള അവാര്‍ഡിന് പുറമെ മികച്ച സംവിധായകന്‍, മികച്ച സ്റ്റേജ് ഡിസൈന്‍, മികച്ച ലൈറ്റ് ഡിസൈന്‍ എന്നിവയിലാണ് 'നൊണ'ക്ക് അവാര്‍ഡ് ലഭിച്ചത്. ഡല്‍ഹി താജ് ഹോട്ടലില്‍ നടന്ന അവാര്‍ഡ് നിശയിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.കൊടുവള്ളി കേന്ദ്രമായി ആരംഭിച്ച ബ്ലാക്ക് തിയേറ്ററിന്റെ ആദ്യനാടകമാണ് 'നൊണ'. ദേശീയതലത്തിലടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ജിനോ ജോസഫാണ് 'നൊണ'യുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
കാഴ്ചക്കാരെ വിസ്മയിപ്പിച്ച നാടകത്തിന്റ മികച്ച സ്റ്റേജ് ഡിസൈന്‍ ചെയ്തതും സംവിധായകന്‍ തന്നെയാണ്. ലൈറ്റ് ഡിസൈനിന് പി.ടി ആബിദിനും സജാസ് റഹ്മാനുമാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച നാടകം, മികച്ച രചന, മികച്ച സംവിധാനം, മികച്ച രംഗ സംവിധാനം, മികച്ച ദീപ വിതാനം തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് നാടകം നോമിനേഷന്‍ നേടിയിരുന്നത്.
മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ കിഷോര്‍കുമാര്‍ ചെയര്‍മാനും കൊടുവള്ളി മുനിസിപ്പല്‍ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ബാബു കണ്‍വീനറും ഒ. പുഷ്പന്‍ ട്രഷററുമായി രൂപീകരിച്ച ബ്ലാക്ക് തിയേറ്റേഴ്‌സിന്റെ ആദ്യ നാടകം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ നാടകോത്സവത്തില്‍ മികച്ച നാടകമായി തെരഞ്ഞൈടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് സംഘാടകരും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."