HOME
DETAILS

മഞ്ഞുമലകളിലെ ആട്ടിടയന്മാര്‍

  
backup
April 22 2018 | 03:04 AM

65464643621321-2

 

ഏ കാം ഹമാരേ പൈഗമ്പര്‍നേ കിയാഹെ.. ലേക്കിന്‍ അബി മുശ്ക്കില്‍ ഹുവാഹെ... (ഈ ജോലി ഞങ്ങളുടെ പ്രവാചകന്മാര്‍ ചെയ്തതാണ്. പക്ഷേ ഇപ്പോള്‍ എല്ലാം പ്രയാസകരമായിത്തീര്‍ന്നിരിക്കുന്നു). തന്റെ കുഞ്ഞാടുകളിലൊന്നിനെ താലോലിച്ച് ആദം ബകര്‍വാല പറഞ്ഞു. ആ കണ്ണുകളിലിപ്പോള്‍ ദൈന്യതയുണ്ട്. ഉത്കണ്ഠയുടെ നിഴല്‍വീണിട്ടുണ്ട്. ആ ശബ്ദത്തിലിപ്പോള്‍ വിറയലുണ്ട്.

കശ്മിരിലെ ആട്ടിടയന്മാര്‍

ആടുമേയ്ക്കല്‍. മാനവചരിത്രത്തില്‍ ഏറ്റവും പഴക്കമേറിയ തൊഴിലാണത്. മനുഷ്യരാശിയുടെ ജീവിതം, വിശ്വാസം, സാഹിത്യം, സംസ്‌കാരങ്ങളുള്‍പ്പെടെ സകലതിലും ഒരിടയന്റെയും അജഗണങ്ങളുടെയും സാന്നിധ്യമുണ്ട്. കാലത്തിനു വെളിച്ചമായി കടന്നുപോയ പ്രവാചകന്മാരുടെയും പ്രബോധകന്മാരുടെയും ജീവിതവഴിത്താരകള്‍ തുടങ്ങുന്നത് ഇടയരായിട്ടായിരുന്നു. വിശ്വാസികളാകുന്ന കുഞ്ഞാടുകളെ സന്മാര്‍ഗത്തിലേക്കു നയിക്കാന്‍ ആ നല്ല ഇടയന്മാര്‍ക്കു ദൈവം ജീവിതോപാധിയായി ആദ്യം നല്‍കിയ തൊഴില്‍. അതു വിശുദ്ധിയുടെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയുമെല്ലാം ആദ്യാനുഭവങ്ങള്‍ അവര്‍ക്കു നല്‍കി. മരുഭൂവുകളും മലഞ്ചെരിവുകളും പീഢഭൂമികളും താണ്ടി ഇടയന്മാര്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പ്രകൃതി തീര്‍ത്ത കോട്ടകൊത്തളങ്ങള്‍ കടന്ന് അവര്‍ ദേശാന്തര ഗമനം നടത്തി. കുഞ്ഞാടുകളുടെ കൂട്ടത്തെ നയിച്ചു പുതു പുല്‍മേടുകളും തട്ടകങ്ങളും തേടിയവര്‍ പോയ്‌ക്കൊണ്ടേയിരുന്നു.

ആട്ടിടയന്മാരുടെ കഥകള്‍ മലയാളികള്‍ക്ക് ഏറെ പരിചയമില്ലെങ്കിലും ലോകക്ലാസിക്കുകളിലെ ഇടയസാന്നിധ്യം നമ്മളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലയാളിയുടെ എക്കാലത്തെയും പ്രിയ കവി ചങ്ങമ്പുഴയുടെ രമണനിലൂടെയാണ് ഇടയനും കാനനഛായയുമെല്ലാം നമുക്കേറെ പരിചിതമായത്. രമണന്‍ മലയാളസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. മലയാളവും മറുദേശങ്ങളുമെല്ലാം കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി ഒരു ആട്ടിടയ ബാലികയുടെ ജീവിതം പരതുകയാണ്. അതുപക്ഷേ സാഹിത്യമായിരുന്നില്ല. ആ എട്ടുവയസുകാരിയുടെ നിഷ്‌കളങ്കമായ നോട്ടം മാധ്യമത്താളുകളിലും ചാനല്‍തിരകളിലുമെല്ലാം നിന്ന് നമ്മെ നോക്കുകയാണ്, നമ്മുടെ സംസ്‌കാരത്തിലേക്കും പാരമ്പര്യത്തിലേക്കുമെല്ലാം ചോദ്യമെറിഞ്ഞുകൊണ്ട്. ജമ്മുവിനടുത്ത കത്‌വയിലെ രസന ഗ്രാമത്തിലെ മുഹമ്മദ് അഖ്തറിന്റെയും നസീമയുടെയും മകള്‍. കശ്മിരിലെ ഗുജ്ജാര്‍-ബകര്‍വാല്‍ മുസ്‌ലിം നാടോടി വിഭാഗത്തില്‍പെട്ടവളാണവള്‍.

ബകര്‍വാലകള്‍

ഗുജ്ജാര്‍-ബകര്‍വാല്‍ എന്നും ബകര്‍വാല എന്നുമൊക്കെ അറിയപ്പെടുന്ന ബകര്‍വാല്‍ വിഭാഗം ഹിമാലയത്തിലെ പീര്‍പഞ്ചല്‍ മേഖലയിലുള്ള കൂടുതലും സുന്നി മുസ്‌ലിംകളില്‍പെട്ട നാടോടി ഗോത്രമാണ്. കശ്മിരിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും അഫ്ഗാനിസ്താനിലും ഇവരെ കാണാം. ആടിനെ മേയ്ക്കുന്നവര്‍ എന്നര്‍ഥം വരുന്ന ബകര്‍വാല എന്ന പേര്‍ഷ്യന്‍ പദത്തില്‍നിന്നാണ് ഗോത്രത്തിന് അങ്ങനെയൊരു പേര് വരുന്നത്. കശ്മിര്‍ താഴ്‌വരയിലും ജമ്മുവിലും ഉള്‍പ്പെടുന്ന ഹെക്ടറുകള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളില്‍ നാടോടി ജീവിതം നയിക്കുന്ന ആട്ടിടയ സമൂഹമാണവര്‍. വേനല്‍ കാലത്ത് താഴ്‌വരയുടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും തണുപ്പുകാലത്ത് താഴ്‌വാരങ്ങളിലേക്കും അവര്‍ മാറിപ്പാര്‍ക്കുന്നു. സ്ഥിരമായി ഒരു വാസസ്ഥലം അവര്‍ക്കില്ല. ഭൂമിയില്ല. ഉള്ളത് ആടുകളുടെയും കാലികളുടെയും സമ്പത്തു മാത്രം.

കാല്‍നടയായി നൂറുകണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇവര്‍ ഓരോ സങ്കേതങ്ങളിലുമെത്തുന്നത്. യാത്ര ചെയ്യുന്ന ഏതെങ്കിലും വെള്ളമുള്ള പ്രദേശത്ത് അവര്‍ തമ്പടിക്കും. ആ തമ്പിന്റെ മുറ്റത്ത് ഇരുമ്പ് അടുപ്പില്‍ ചുറ്റുപാടുനിന്നും ശേഖരിക്കുന്ന വിറകു കത്തിച്ചു ഭക്ഷണമുണ്ടാക്കി കഴിച്ചു തമ്പില്‍ അന്തിയുറങ്ങും. ആണും പെണ്ണും കുട്ടികളുമെല്ലാം നൂറുകണക്കിന് കിലോമീറ്റര്‍ കാല്‍നടയായി താണ്ടാന്‍ പ്രാപ്തിയുള്ളവര്‍. ദിവസങ്ങള്‍ നീളുന്ന ഇത്തരം നടത്തമാണ് ഇവരുടെ ജീവിതം തന്നെ. നൂറ്റാണ്ടുകളായുള്ള ഈ യാത്രകള്‍ തലമുറകളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതിനിടയില്‍ കുടുംബവും കൂട്ടവും ജനനവും മരണവും നടന്നുകൊണ്ടേയിരിക്കും. ജനിമൃതികളുടെ ഇടയിലൂടെ പ്രകൃതിയോടിണങ്ങി പാരസ്പര്യവും സ്‌നേഹവും പങ്കുവച്ചുമുള്ള യാത്രകള്‍ മറ്റാര്‍ക്കും ഒരിക്കലും തടസങ്ങള്‍ തീര്‍ത്തില്ല.

ശാന്തരും ദേശഭക്തരും

ബകര്‍വാലുകള്‍ പൊതുവേ ശക്തമായ ദേശബോധം പ്രകടിപ്പിക്കുന്നവരാണ്. കശ്മിരില്‍ വിഘടനവാദം കൊഴുക്കുമ്പോഴും തങ്ങളുടെ രാജ്യസ്‌നേഹം എന്നും പ്രകടിപ്പിച്ചവരാണവര്‍. കശ്മിരിലെ പ്രധാന ഗോത്രവിഭാഗങ്ങളാണ് ഗുജ്ജാറുകളും ഗുജ്ജാര്‍-ബക്കര്‍വാലുകളും. ഗുജ്ജാറുകളില്‍ ഹിന്ദു, മുസ്‌ലിം, സിഖ് വിഭാഗങ്ങളുണ്ട്. എന്നാല്‍ സുന്നി മുസ്‌ലിംകള്‍ മാത്രമാണ് ബക്കര്‍വാലുകളിലുള്ളത്. കടുത്ത മതവിശ്വാസമോ ആചാരങ്ങളോ ഇല്ലാത്ത ഇവര്‍ 'ബൈസാഖി', 'ലോറി' തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങള്‍ തങ്ങളുടെ ഭാഗമായി കൂടെക്കരുതുന്നുണ്ട്. ആറോ ഏഴോ അംഗങ്ങളാണ് ഒരു ബക്കര്‍വാല്‍ കുടുംബത്തിലുണ്ടാവുക. ദേര എന്നാണു ഇതിനെ പറയുക. അനേകം ദേരകള്‍ കൂടിയാല്‍ ഒരു ദാദ പൊത്ര (വംശം) ആയി. കുറെ ദാദ പൊത്ര ചേര്‍ന്നാല്‍ ഒരു ഗോത്രവും. വിവാഹങ്ങളിലൂടെയാണു പുതിയ ദേര നിലവില്‍ വരുന്നത്. ബകര്‍വാലുകളിലെ ഓരോ പുത്രനും വിവാഹം ചെയ്യുന്നതോടെ സ്വന്തം ദേര സ്ഥാപിക്കുന്നു.

56 അംഗങ്ങളാണ് ഓരോ ദേരയിലും ഉണ്ടാവുക. ലിംഗഭേദവും പ്രായവും അടിസ്ഥാനപ്പെടുത്തി അംഗങ്ങള്‍ക്കിടയില്‍ തൊഴില്‍ വിഭജനം നിലവിലുണ്ട്. വിവാഹം കഴിക്കുന്നതോടെ ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കന്നുകാലി സമ്പത്തില്‍നിന്ന് ഒരു ഭാഗം പിതാവ് മാറ്റിനല്‍കും. അയാള്‍ തന്റെ കന്നുകാലികളുമായി സ്വന്തം ജീവിതമാര്‍ഗം കണ്ടെത്തുകയും തന്റെ ഇണയെയും കൂട്ടി ദാദ പോത്രയുടെ ചാരത്തുതന്നെ യാത്ര തുടരുകയും ചെയ്യും. സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുക, വിറക് ശേഖരിക്കുക, വെള്ളം ശേഖരിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുമ്പോള്‍ പുരുഷന്മാര്‍ കന്നുകാലികളെ മേയ്ക്കുക, യാത്രകള്‍ ക്രമീകരിക്കുക തുടങ്ങിയ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നു.

ഇന്ത്യാ-പാക്ക് യുദ്ധവേളയിലെല്ലാം തന്നെ ഇവര്‍ മുന്നണിയില്‍ നിന്നും ഇന്ത്യന്‍ സേനയെ സഹായിച്ചിട്ടുണ്ട്. 1965ലെ യുദ്ധത്തില്‍ സൗജിയാന്‍ സെക്ടറിലെ ഗ്രാമീണരെ സൈന്യത്തിനു വേണ്ടി അണിനിരത്തുന്നതില്‍ ഇവരുടെ പങ്കിനെ അശോക് ചക്ര നല്‍കിയാണു രാജ്യം ആദരിച്ചത്. മൗലവി ഗുലാം ദിന്‍ എന്ന ബകര്‍വാലക്ക് ആണ് അശോക് ചക്ര നല്‍കപ്പെട്ടത്. 1971ലെ യുദ്ധത്തില്‍ മാലി ബി എന്ന ഗുജ്ജാര്‍-ബകര്‍വാല വനിതയെയും സൈന്യം ആദരിച്ചിട്ടുണ്ട്. 1999ല്‍ എ.ബി വായ്‌പെയ് രാജ്യം ഭരിക്കുന്ന സമയത്ത് നടന്ന കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തെ കുറിച്ച് ആദ്യമായി ഇന്ത്യന്‍ സൈനിക പോസ്റ്റുകളില്‍ വിവരമറിയിച്ചത് ബകര്‍വാല്‍ ആട്ടിടയന്മാരായിരുന്നു.

വിദ്യാഭ്യാസം, ജീവിതം

ആടിനെ മേയ്ക്കാനുള്ള ചെറിയ വടിയും ചാട്ടയും, ഭക്ഷണമുണ്ടാക്കാനുള്ള പാത്രങ്ങളുമായി ഊരു ചുറ്റുന്ന ബകര്‍വാലുകളിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസം കുറവാണ്. ചെറുപ്പത്തിലേ ആടുമേയ്ക്കലില്‍ ഏര്‍പ്പെട്ടു ജീവിതം തുടങ്ങുന്ന ഇവര്‍ക്കു വിദ്യാഭ്യാസം ലഭിക്കാനുള്ള സന്ദര്‍ഭങ്ങളുണ്ടാവാറില്ലെന്നതാണു യാഥാര്‍ഥ്യം. ഒരേസ്ഥലത്തു താമസക്കാരല്ലാത്തതിനാല്‍ സര്‍ക്കാര്‍ രേഖകളിലും ബകര്‍വാലുകളില്ല. സംസ്ഥാന, കേന്ദ്ര സര്‍വിസുകളില്‍ ഇവര്‍ക്ക് പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2011ല്‍ മാനവ വിഭവശേഷി വകുപ്പിന്റെ ഗ്രാമീണ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബകര്‍വാലുകള്‍ക്കു വേണ്ടി മൊബൈല്‍ സ്‌കൂളുകളും ആരംഭിച്ചു. ഇപ്പോള്‍ ഏകദേശം എണ്ണൂറിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള 25 മൊബൈല്‍ സ്‌കൂളുകള്‍ ഇവരുടെ കൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും അവ പൂര്‍ണമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

പലപ്പോഴും ആടുകള്‍ക്കു പുറമെ പശു, കുതിര, കഴുത എന്നിവയെയെ ബകര്‍വാലുകള്‍ കൂടെ കൊണ്ടുനടക്കാറുണ്ട്. പശുവിനെ അവര്‍ ആഹരിക്കാറില്ല. പാലിനു വേണ്ടിയാണു പശു. അത്യാവശ്യത്തിനു ദൂരസ്ഥലങ്ങളില്‍ പോയിവരാനും മറ്റുമാണു കുതിരകളെ ഉപയോഗിക്കുന്നത്. കഴുതകള്‍ സാധനങ്ങള്‍ ചുമക്കാനും കുട്ടികള്‍ക്കു യാത്ര ചെയ്യാനും ഉപയോഗിക്കുന്നു.

പുതു ഭരണാധിപര്‍
ബകര്‍വാലകളെ കുഴക്കി

കേന്ദ്രത്തിലും കശ്മിരിലും ബി.ജെ.പി സര്‍ക്കാര്‍ വന്നത് ബകര്‍വാലുകളുടെ ജീവിതഗതിയെ തകിടം മറിക്കാന്‍ തുടങ്ങി. മുന്‍പ് കേന്ദ്രത്തില്‍ വാജ്‌പെയ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇതായിരുന്നില്ല അവസ്ഥ. നരേന്ദ്ര മോദിയുടെ അധികാരാരോഹണത്തിനു പിറകെ പഹല്‍ഗാം, രസന, രജൗരി മേഖകളില്‍ പശുവാദി ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടതോടെയാണു പ്രശ്‌നങ്ങള്‍ രൂക്ഷമായത്. പലയിടങ്ങളിലും ഇവര്‍ക്കുനേരെ ആക്രമണങ്ങളും കൈയേറ്റങ്ങളുമുണ്ടായി. ബക്കര്‍വാലുകള്‍ തങ്ങളുടെ കന്നുകാലി സമ്പത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റ് നല്‍കുന്ന ഉത്തരവ് കൈയില്‍ വയ്ക്കണമെന്നതടക്കമുള്ള നിയമങ്ങള്‍ ഇവരെ ദുരിതത്തിലാക്കി. പലപ്പോഴും പൊലിസ് സ്റ്റേഷനുകളില്‍നിന്നും അധികാരികളില്‍നിന്നും ഇവര്‍ക്കു നീതി ലഭിച്ചില്ല. എങ്കിലും ദുരിതങ്ങളും പ്രയാസങ്ങളും അതിജീവിച്ച് അവര്‍ തങ്ങളുടെ ജീവിതം തുടര്‍ന്നു.

നരാധമര്‍ ആ പിഞ്ചുകുഞ്ഞിനോട് ചെയ്തത്

നരാധമന്മാരെന്നു ചിലപ്പോള്‍ ചിലരെപ്പറ്റി പ്രയോഗിക്കാറുണ്ട്. എന്നാല്‍ ആ പ്രയോഗത്തെ കടത്തിവെട്ടുകയായിരുന്നു കശ്മിരെന്ന സുന്ദരസ്വര്‍ഗത്തില്‍ നരകത്തീ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന ചില രാക്ഷസര്‍. എട്ടുവയസുകാരിയായ ആട്ടിടയ ബാലികയെ കാണാതാവുന്നു. തുടര്‍ന്നു കുട്ടിയുടെ പിതാവ് വളര്‍ത്തുപിതാവ് യൂസുഫ് അയല്‍വാസികളെയും നാട്ടുകാരെയുംകൂട്ടി തിരച്ചില്‍ തുടങ്ങി. ടോര്‍ച്ചുകളുമായി അവര്‍ ഉള്‍ക്കാടുകളില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും മകളെ കണ്ടെത്താനായില്ല. ജനുവരി 12നാണ് അവര്‍ പൊലിസില്‍ വിവരമറിയിച്ചത്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടിക്കാണുമെന്നായിരുന്നു പൊലിസിന്റെ പ്രതികരണം. കൂടുതല്‍ അന്വേഷണത്തിനും പൊലിസ് വിമുഖത കാട്ടി. ഇതേതുടര്‍ന്ന് ബകര്‍വാല്‍ സമുദായത്തില്‍നിന്നു പ്രതിഷേധമുയര്‍ന്നുതുടങ്ങി. ഇതോടെ രണ്ട് പൊലിസ് ഉദ്യോഗസ്ഥരെക്കൂടെ അന്വേഷണത്തിനായി നിയമിച്ചു. അതിലൊരാളായ ദീപക് ഖജൂരിയ എന്ന ഉദ്യോഗസ്ഥന്‍ കേസിലെ മുഖ്യപ്രതികളിലൊരാളാണെന്നു പിന്നീടു കണ്ടെത്തുകയുണ്ടായി. അഞ്ചുദിവസങ്ങള്‍ക്കു ശേഷമാണു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ടിരുന്നു അവള്‍. ഇരുകാലുകളും ഒടിഞ്ഞ നിലയിലുമായിരുന്നു. ദേഹമാസകലം നീലയും ചുവപ്പുമായ പാടുകളും ദൃശ്യമായിരുന്നു.

ഈ ഗോത്രവിഭാഗത്തെ പ്രദേശത്തുനിന്നു ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു മതാന്ധത ബാധിച്ച അക്രമികളുടെ ലക്ഷ്യം. ജനുവരി പത്തിന്, മേയ്ക്കാന്‍ വിട്ടിരുന്ന കുതിരകളെ തിരിച്ചുകൊണ്ടുവരാനായി കാട്ടില്‍ പോയപ്പോഴാണു കുട്ടിയെ കാണാതായത്. കുതിരകള്‍ തിരിച്ചെത്തിയെങ്കിലും അവള്‍ കൂടെയുണ്ടായിരുന്നില്ല. തട്ടിക്കൊണ്ടുപോയ ശേഷം ക്ഷേത്രത്തിലായിരുന്നു അവളെ പൂട്ടിയിട്ടത്. മയക്കുമരുന്നുകള്‍ ഉപയോഗിച്ചു ബോധരഹിതയാക്കിയ ശേഷം നിരന്തരപീഡനമായിരുന്നു. ഏഴുദിവസത്തോളം പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. കഴുത്തുഞെരിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും അവര്‍ ആ കുട്ടിയെ കൊന്നു.

പൊലിസിന്റെ റിപ്പോര്‍ട്ടനുസരിച്ച് സഞ്ജി റാം എന്ന മുന്‍ സര്‍ക്കാരുദ്യോഗസ്ഥനും ചില പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. ചെളിയും രക്തവും പുരണ്ട വസ്ത്രങ്ങള്‍ കുറ്റാരോപിതരായ പൊലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു കഴുകിയ ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് അയച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ സ്ഥലം വളഞ്ഞിരുന്നു. അവരുടെ ഭീഷണിമൂലം പത്തോളം കിലോമീറ്ററുകള്‍ മൃതദേഹവുമായി സഞ്ചരിച്ചശേഷമാണു സംസ്‌കാരം നടത്തിയത്.
മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജിറാം, മകന്‍ വിശാല്‍, മരുമകന്‍(പ്രായപൂര്‍ത്തി ആയിട്ടില്ല), സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിങ്ങനെ എട്ടു പ്രതികള്‍ ചേര്‍ന്നാണു ക്രൂരകൃത്യം നടത്തിയത്. എട്ടു പേരടങ്ങുന്ന സംഘം ഭീകരസംഭവം ആസൂത്രണം ചെയ്തു നടപ്പാക്കിയതിന്റെ വിവരങ്ങളാണ് ജമ്മു-കശ്മീര്‍ പൊലിസ് ക്രൈംബ്രാഞ്ച് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. ബകര്‍വാല്‍ മുസ്‌ലിംകളോടുള്ള അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രം പറയുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago