ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍: പേരുദോഷം മാറ്റാന്‍ റവന്യു വകുപ്പ്
കല്‍പ്പറ്റ: ജില്ലയുടെ ചരിത്രത്തിലാദ്യമായി ഇത്രയധികം ഭൂമി ഒന്നിച്ച് ഏറ്റെടുക്കുന്നെന്ന പ്രത്യേകതയോടെ റവന്യൂ വകുപ്പിന് നേട്ടമുണ്ടാക്കി ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ ഉത്തരവ്.
മിച്ചഭൂമി അട്ടിമറിയിലുള്‍പ്പെടെ മുഖം നഷ്ടപ്പെട്ട ജില്ലയിലെ റവന്യൂ വകുപ്പിന് ഊര്‍ജ്ജം നല്‍കുന്നതാണ് അന്യം നില്‍പ്പും കണ്ടുകെട്ടലും (എസ്ചീറ്റ്‌സ് ആന്‍ഡ് ഫോര്‍ഫീച്ചേഴ്‌സ് ആക്റ്റ് )നിയമ പ്രകാരമുള്ള കലക്ടറുടെ ഉത്തരവ്. കാപ്പിത്തോട്ടമായ ആലത്തൂര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ഉത്തരവിനുമേല്‍ കക്ഷികള്‍ക്ക് ഹൈക്കോടതിയിലും ലാന്‍ഡ് റവന്യു കമ്മിഷനറുടെ അടുത്തും അപ്പീലിനുപോകാന്‍ അവസരമുണ്ട്. ആറുമാസത്തെ അപ്പീല്‍ കാലാവധി കൂടി അവസാനിച്ചശേഷം മാത്രമെ ഇപ്പോള്‍ ഏറ്റെടുത്ത ഭൂമയില്‍ പൂര്‍ണവകാശം സര്‍ക്കാരിന് ലഭിക്കുകയുള്ളു.
എന്നാല്‍ ഇക്കാലയളവില്‍ തോട്ടത്തിലെ വിളവെടുക്കാന്‍ കക്ഷികള്‍ക്ക് കഴിയുമെങ്കിലും മരങ്ങള്‍ മുറിക്കാനോ, മറ്റു പ്രവൃത്തികള്‍ നടത്താനോ കഴിയില്ലെന്നും കലക്ടര്‍ പറഞ്ഞു. നേരത്തെ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കവേ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ സര്‍ക്കാര്‍ നടപടി അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. മിച്ചഭൂമി അട്ടിമറിയില്‍ കൈക്കൂലി വാങ്ങിയ കേസില്‍ സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി കലക്ടര്‍ ടി. സോമനാഥന്റെ റിപ്പോര്‍ട്ടാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് തടസ്സമായിരുന്നത്. വ്യാജ രേഖകള്‍ ചമച്ച് എസ്റ്റേറ്റ് കൈവശത്തിലാക്കിയ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിനു അനുകൂലമായിരുന്നു സോമനാഥന്റെ റിപ്പോര്‍ട്ട്. തോട്ടം നിലവിലെ കൈവശക്കാരന്‍ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിനു അവകാശപ്പെട്ടതാണെന്ന രീതിയിലാണ് സോമനാഥന്‍ 2015 മെയ് 30ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിലെ 267 2006 നമ്പര്‍ ആധാരപ്രകാരം ദത്തുപുത്രന്‍ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിനു ദാനമായി നല്‍കിയതില്‍ അപാകതയില്ലെന്നാണ് സോമനാഥന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഈ ഭൂമിയുടെ കൈമാറ്റത്തിനു റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല.
ഇപ്പോഴത്തെ കൈവശക്കാരനായ ഈശ്വറിനു ഭൂമി നിയമപ്രകാരം കൈമാറ്റം മുഖേന ലഭിച്ചതാണ്. 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല. ഉടമ അവകാശികളില്ലാതെ മരിച്ചാല്‍ മാത്രമേ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമപ്രകാരം ഏറ്റെടുക്കാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എസ്റ്റേറ്റ് ഫയല്‍ കൈകാര്യം ചെയ്തിരുന്ന ഈ ഉദ്യോഗസ്ഥനെതിരേ വ്യാപക പരാതികളും ഉയര്‍ന്നിരുന്നു.
എന്നാല്‍ ജില്ലാ കലക്ടര്‍ 2017 ജനുവരി 10ന് നിര്‍ദേശിച്ചതനുസരിച്ച് അന്നത്തെ തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആലത്തൂര്‍ എസ്റ്റേറ്റ് എസ്ചീറ്റ്‌സ് ആന്‍ഡ് ഫോര്‍ഫീച്ചേഴ്‌സ് നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണെന്നാണ് വ്യക്തമാക്കിയിരുന്നത്. ജുബര്‍ട്ട് വാന്‍ ഇംഗന്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ തോട്ടം ദത്തുപുത്രന്‍ മൈക്കിള്‍ ഫ്‌ളോയ്ഡ് ഈശ്വറിനു കൈമാറിയത് അസാധുവണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയത്. ഏറെ നാളുകള്‍ നീണ്ട വിചാരണകള്‍ക്കും പരിശോധനക്കും ശേഷമാണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."